റിയാദ്: രാജ്യത്ത് സ്വന്തം നിലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കുള്ള മൂന്ന് ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പ് ആവർത്തിച്ച് സൗദി ജവാസാത്ത്.
ആറ് മാസം വരെ തടവും അര ലക്ഷം റിയാൽ വരെ പിഴയും നാട് കടത്തലുമാണ് സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശിയെ കാത്തിരിക്കുന്ന ശിക്ഷകൾ.
നിയമ ലംഘകരെക്കുറിച്ച് അധികൃതരെ അറിയിക്കാനും ജവാസാത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്.
നിയമ ലംഘകരില്ലാത്ത രാജ്യം കാംബയിനിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ ശക്തമായി നടക്കുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 16,982 നിയമ ലംഘകരെയാണ് പരിശോധനകളിൽ പിടികൂടിയത്. ഇതിൽ 9500 പേരും ഇഖാമ നിയമ ലംഘകരും 2462 പേർ തൊഴിൽ നിയമ ലംഘകരും 5020 പേർ അതിർത്തി നിയമ ലംഘകരുമാണ്.
1613 പേരാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച് പിടിക്കപ്പെട്ടത്. ഇതിൽ 73% എത്യോപ്യക്കാരും 23% ശതമാനം യമനികളും 4% മറ്റു രാജ്യക്കാരുമാണ്.