കുവൈത്ത് സിറ്റി:മൂന്ന് മാസത്തിനിടെ
കുവൈത്തില്‍ 9000 പ്രവാസികളെ നാടുകടത്തിയതായി രേഖകള്‍. വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നതാണ് ഈ കണക്ക്. ഈ വര്‍ഷം ജനുവരി ഒന്നാം തീയ്യതി മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. ഇക്കാലയളവില്‍ നാടുകടത്തപ്പെട്ടവരില്‍ 4000 പേരും സ്‍ത്രീകളാണ്.
രാജ്യത്ത് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ നാടുകടത്തപ്പെട്ടവരും ഈ കൂട്ടത്തിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നാടുകടത്തപ്പെട്ടവരില്‍ ഏറ്റവും അധികം പേരും ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ഫിലിപ്പൈനികളും മൂന്നാം സ്ഥാനത്ത് ശ്രീലങ്കക്കാരുമാണ്. ഈജിപ്ഷ്യന്‍ പൗരന്മാരാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്.
അതേസമയം സ്‍ത്രീകളും പുരുഷന്മാരുമായി ഏകദേശം എഴുന്നൂറ് പേര്‍ ഇപ്പോള്‍ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാവാന്‍ ബാക്കിയുള്ളതിനാല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഇവരെയും സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റിവിടാനാണ് അധികൃതരുടെ ശ്രമം.
അതേസമയം മയക്കുമരുന്ന് കേസുകളില്‍ പിടിയിലായതിന്റെ പേരില്‍ നാടുകടത്തപ്പെട്ട പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി കാര്യമായ വര്‍ദ്ധനവുണ്ടായിട്ടണ്ടെന്നും കണക്കുകള്‍ പറയുന്നു. കുവൈത്തിലെ വിസ, താമസ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‍സാണ് ഏറ്റവുമധികം പ്രാവാസികളെ നാടുകടത്താനായി റഫര്‍ ചെയ്യുന്നത്. താമസ രേഖകളുടെ കാലാവധി കഴിഞ്ഞ ശേഷവും അവ പുതുക്കാതെ അനധികൃതമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളെയും ഒപ്പം തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും റെസിഡന്‍സി അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി നാടുകടത്താനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
കുവൈത്തിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗമാണ് ഏറ്റവുമധികം പ്രവാസികളെ നാടുകടത്താന്‍ ശുപാര്‍ശ ചെയ്യുന്ന രണ്ടാമത്തെ സര്‍ക്കാര്‍ വകുപ്പ്. വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിയിലാവുന്ന പ്രവാസികളെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയാണ് ചെയ്യുന്നത്.