റിയാദ്- അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ റിയാദിൽ സമാപിച്ചു. ഖുർആൻ പാരായണ വിഭാഗത്തിൽ ഇറാനിൽ നിന്നുള്ള മത്സരാർഥി യൂനുസ് ഷാഹംറാദിയും ബാങ്ക് വിളി മത്സര വിഭാഗത്തിൽ സൗദിയിൽ നിന്നുള്ള മുഹമ്മദ് ആലുശരീഫും ഒന്നാം സ്ഥാനങ്ങൾ നേടി. ഇരുവർക്കും യഥാക്രമം 30 ലക്ഷം റിയാലും 20 ലക്ഷം റിയാലും കാഷ് പ്രൈസ് ലഭിച്ചു.
വിജയികൾക്ക് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് കാഷ് പ്രൈസ് വിതരണം ചെയ്തു. വിശ്വാസികൾ അടക്കമുള്ള ശ്രോദ്ധാക്കളെ ഖുർആൻ പാരായണ, ബാങ്ക് വിളി ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലെത്തിച്ച് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഇന്നലെ വൈകീട്ടോടെയാണ് സമാപിച്ചത്.
ഖുർആൻ പാരായണ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി 20 ലക്ഷം റിയാലിന്റെ കാഷ് പ്രൈസ് സ്വന്തമാക്കിയത് സൗദിയിൽ നിന്നുള്ള മത്സരാർഥി അബ്ദുൽ അസീസ് അൽഫഖീഹ് ആണ്. മൊറോക്കോയിൽ നിന്നുള്ള മത്സരാർഥി സകരിയ്യ അൽസൈർക് മൂന്നാം സ്ഥാനത്തെത്തി 10 ലക്ഷം റിയാലും മൊറോെേക്കായിൽ നിന്നു തന്നെയുള്ള അബ്ദുല്ല അൽദഗ്‌രി നാലാം സ്ഥാനത്തെത്തി ഏഴു ലക്ഷം റിയാലും കാഷ് പ്രൈസ് നേടി.
ബാങ്ക് വിളി മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയത് ഇന്തോനേഷ്യയിൽ നിന്നുള്ള ദിയാഉദ്ദീൻ ബിൻ നിസാറുദ്ദീൻ ആണ്. രണ്ടാം സ്ഥാനക്കാരന് 10 ലക്ഷം റിയാൽ കാഷ് പ്രൈസ് ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ റഹീഫ് അൽഹാജിന് അഞ്ചു ലക്ഷം റിയാലും നാലാം സ്ഥാനത്തെത്തിയ ബ്രിട്ടീഷ് മത്സരാർഥി ഇബ്രാഹിം അസദിന് മൂന്നു ലക്ഷം റിയാലും കാഷ് പ്രൈസ് ലഭിച്ചു.
ഇത്തവണത്തെ ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ആറു ഗിന്നസ് റെക്കോർഡുകൾ നേടി. ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ഖുർആൻ പാരായണ മത്സരം, ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ബാങ്ക് വിളി മത്സരം, ഏറ്റവുമധികം പേർ പങ്കെടുത്ത ഖുർആൻ പാരായണ മത്സരം, ഏറ്റവുധികം മത്സരാർഥികൾ പങ്കെടുത്ത ബാങ്ക് വിളി മത്സരം, ഏറ്റവും ഉയർന്ന കാഷ് പ്രൈസുകൾ സമ്മാനിച്ച ഖുർആൻ മത്സരം, ബാങ്ക് വിളി മത്സരം എന്നീ റെക്കോർഡുകളാണ് മത്സരം നേടിയത്.
കഴിഞ്ഞ വർഷവും ഈ കൊല്ലവുമായി 160 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 90,000 ലേറെ മത്സരാർഥികൾ ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളിൽ പങ്കെടുത്തു. ഇത്തവണ 165 രാജ്യങ്ങളിൽ നിന്നുള്ള 50,000 ലേറെ പേർ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലം 80 രാജ്യങ്ങളിൽ നിന്നുള്ള 40,000 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം ആണ് ‘ഉത്‌റുൽ കലാം’ എന്ന് പേരിട്ട പരിപാടി. ലോകത്ത് ഇത്തരത്തിൽ പെട്ട ഏറ്റവും വലിയ മത്സരവുമാണിത്. നാലു ഘട്ടങ്ങളായാണ് മത്സരം നടത്തുന്നത്.
ആദ്യ ഘട്ടത്തിൽ ഓൺലൈൻ രജിസ്‌ട്രേഷനും ഖുർആൻ പാരായണ, ബാങ്ക് വിളി വോയ്‌സ് ക്ലിപ്പിംഗുകൾ അപ് ലോഡ് ചെയ്യലുമാണ് പൂർത്തിയായത്. ജഡ്ജിംഗ് കമ്മിറ്റികൾ വോയ്‌സ് ക്ലിപ്പിംഗുകൾ പരിശോധിച്ച് മത്സരാർഥികളിൽ നിന്ന് യോഗ്യരായവരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു.
രണ്ടാം ഘട്ടത്തിൽ മത്സരാർഥികൾ പുതിയ വോയ്‌സ് ക്ലിപ്പിംഗുകൾ സമർപ്പിക്കേണ്ടിയിരുന്നു. ഇവ വിലയിരുത്തിയാണ് മൂന്നാം ഘട്ടത്തിലേക്കുള്ളവരെ ജഡ്ജിംഗ് കമ്മിറ്റികൾ തെരഞ്ഞെടുത്തത്. മൂന്നാം ഘട്ടത്തിൽ നിന്ന് ഏറ്റവും മികച്ച മത്സരാർഥികളെ ഫൈനൽ ആയ നാലാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. സൗദിയിൽ നടന്ന ഫൈനൽ മത്സരം റമദാനിൽ എം.ബി.സി ചാനലും ശാഹിദ് ആപ്പും വഴി സംപ്രേഷണം ചെയ്തിരുന്നു.
മത്സരാർഥികളുടെ ശബ്ദ സൗകുമാര്യത്തിന് മുഖ്യപ്രാധാന്യം നൽകുന്ന മത്സരമാണ് ‘ഉത്‌റുൽ കലാം’. മത്സരത്തിൽ മനഃപാഠം പരിഗണിക്കുന്നില്ല. ഏറ്റവും മനോഹരമായ ശബ്ദത്തിൽ, തെറ്റുകൾ കൂടാതെ ഖുർആൻ പാരായണം ചെയ്യുന്നവർക്കും ബാങ്ക് വിളിക്കുന്നവർക്കും വേണ്ടിയുള്ള മത്സരമാണ് ‘ഉത്‌റുൽ കലാം’. മത്സര വിജയികൾക്ക് ആകെ 1.2 കോടി റിയാൽ (32 ലക്ഷം ഡോളർ) സമ്മാനമായി വിതരണം ചെയ്യുന്നു.