കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസിക്കുന്ന താഴ്‍ന്ന വരുമാനക്കാരായ അവിദഗ്ധ തൊഴിലാളികളെ ഒഴിക്കാനുള്ള പുതിയ കര്‍മപദ്ധതിയുമായി അധികൃതര്‍. രാജ്യത്തെ സ്വദേശി – പ്രവാസി ജനസംഖ്യയിലെ അസന്തുലിത്വം മറികടക്കാനാണ് നീക്കമെന്നാണ് വിശദീകരണം. നിയമവിരുദ്ധമായി ഇപ്പോള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ള 1.82 ലക്ഷത്തോളം പ്രവാസികളെ നാടുകടത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയം വരും ദിവസങ്ങളില്‍ ശക്തമായ നടപടികളുമായി രംഗത്തെത്തും. കണ്ടെത്തി നാടുകടത്തേണ്ട ഒന്നര ലക്ഷത്തിലധികം പ്രവാസികളില്‍ നല്ലൊരു ഭാഗവും വ്യാജ കമ്പനികളുടെ സ്‍പോണ്‍സര്‍ഷിപ്പിലാണ്. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തിലാണ് അനധികൃത പ്രവാസികളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
വ്യാജമായി സംഘടിപ്പിക്കുന്ന വാണിജ്യ ലൈസന്‍സുകളുടെയും രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ശരിയായ വിലാസം പോലുമില്ലാതെ കടകള്‍ വാടകയ്ക്ക് എടുത്തും മറ്റും സ്ഥാപിക്കുന്ന കമ്പനികളുടെ പേരിലും വിസാ കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ശൈഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ 17,000ല്‍ അധികം കമ്പനികളുടെ ഫയലുകള്‍ അടുത്തിടെ മാന്‍പവര്‍ അതോറിറ്റി മരവിപ്പിച്ചിരുന്നു. ഏതാണ്ട് 62,000 തൊഴിലാളികളെ ഈ കമ്പനികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ടെന്നും കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ നിയമപരമായ പ്രവര്‍ത്തനം തെളിയിക്കാനും മറ്റ് രേഖകള്‍ ശരിയാക്കാനും ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കും.
നിലവില്‍ 1,33,000 താമസ നിയമലംഘകര്‍ വിവിധ മേഖലകളിലായി ഉണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും പുറത്തിറക്കിയ കണക്കുകളിലുള്ളത്. ഇവര്‍ക്കെതിരായ നടപടികള്‍ക്കായും പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുന്നുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി നിയമലംഘകരെ നാടുകടത്താന്‍ ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു.
നിലവില്‍ ലേബര്‍ വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കടകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ രേഖകള്‍ ശരിയാക്കിയ ശേഷം വീണ്ടും പരിശോധനകള്‍ നടത്തിയിട്ടേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. മത്സ്യ മാര്‍ക്കറ്റുകളിലെ സ്റ്റാളുകളുടെ ഉടമകളുടെയും മത്സ്യബന്ധന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരുടെയും വിവരങ്ങളും പരിശോധിക്കുകയാണ്. കാര്‍ഷിക രംഗത്തും സമാനമായ പരിശോധന നടക്കും. ഗാര്‍ഹിക തൊഴിലാളികളില്‍ നല്ലൊരു ശതമാനം പേര്‍ ഫുഡ് ഡെലിവറി ജോലികള്‍ ചെയ്യുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ രംഗത്തും പരിശോധനയുണ്ട്.