മക്ക – വിശുദ്ധ റമദാനിലെ ആദ്യത്തെ പത്തു ദിവസത്തിനിടെ മക്കയിലും മദീനയിലും പൊതുഗതാഗത അതോറിറ്റി സംഘങ്ങൾ നടത്തിയ പരിശോധനകളിൽ ടാക്‌സികളും ബസുകളും അടക്കമുള്ള വാഹനങ്ങളുടെ ഭാഗത്ത് 8200 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഡ്രൈവർ കാർഡ് ലഭിക്കുന്നതിനു മുമ്പായി ബസ് ഡ്രൈവർമാരെ ജോലിക്കു വെക്കൽ, ഓപറേറ്റിംഗ് കാർഡ് നേടാതെ ബസുകൾ പ്രവർത്തിപ്പിക്കൽ, ഉപയോഗശൂന്യമായ ടോയ്‌ലറ്റുകൾ എന്നീ നിയമ ലംഘനങ്ങളാണ് ബസുകളുടെ ഭാഗത്ത് പ്രധാനമായും കണ്ടെത്തിയത്.
ഓപറേറ്റിംഗ് കാർഡില്ലാതെ പ്രവർത്തിപ്പിക്കൽ, സുരക്ഷ ബാരിയറുകൾ മാനദണ്ഡങ്ങൾക്ക് യോജിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾ ലോറികളുടെ ഭാഗത്തും കണ്ടെത്തി. മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കൽ, സാങ്കേതിക സജ്ജീകരണങ്ങളില്ലാതിരിക്കൽ, ഓപറേറ്റിംഗ് കാർഡ് ഇല്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് ടാക്‌സികളുടെ ഭാഗത്ത് മുഖ്യമായും കണ്ടെത്തിയതെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.