മനാമ- ഇതര ജി.സി.സി രാജ്യങ്ങളുടെ ചുവടുപിടിച്ച് ബഹ്‌റൈനിലും ഗോള്‍ഡന്‍ ലൈസന്‍സ് വരുന്നു. എന്നാല്‍ രാജ്യത്തു വന്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്കായാണ് ഗോള്‍ഡന്‍ ലൈസന്‍സ് പ്രഖ്യാപിച്ച് ബഹ്‌റൈന്‍. കുറഞ്ഞത് 500 തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ കഴിയുന്നതോ 5 കോടി ഡോളറെങ്കിലും (400 കോടി രൂപ) മുതല്‍മുടക്കുള്ളതോ ആയ നിക്ഷേപങ്ങള്‍ക്കാണ് ഗോള്‍ഡന്‍ ലൈസന്‍സ് നല്‍കുന്നത്.
ലൈസന്‍സ് നേടുന്ന കമ്പനികള്‍ക്ക് ബഹ്‌റൈനില്‍ ഭൂമി ലഭിക്കും. അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ അനുമതികളും വേഗത്തില്‍ ലഭിക്കും. ബിസിനസ് ലൈസന്‍സ്, ബില്‍ഡിംഗ് പെര്‍മിറ്റ് എന്നിവയ്ക്കായി കാത്തു നില്‍ക്കേണ്ടതില്ല. സര്‍ക്കാര്‍ വകുപ്പുകളുടെ പൂര്‍ണ സഹകരണം ഉറപ്പാക്കും. ബഹ്‌റൈന്‍ ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ഒരു അക്കൗണ്ട് മാനേജരുടെ സേവനവും സംരംഭങ്ങള്‍ക്കായി മുഴുവന്‍ സമയവും ലഭിക്കും.
ബഹ്‌റൈന്‍ ലേബര്‍ ഫണ്ട്, ബഹ്‌റൈന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവരുടെ പിന്തുണയും ഉറപ്പാക്കും. രാജ്യത്തെ ഏതെങ്കിലും നിയമം നിക്ഷേപകര്‍ക്ക് പ്രയാസമുണ്ടാക്കിയാല്‍ ആവശ്യാനുസരണം മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യവും ഗോള്‍ഡന്‍ ലൈസന്‍സുമായി ബന്ധപ്പെട്ടു ഭരണകൂടം അനുവദിച്ചിട്ടുണ്ട്.