റിയാദ്- സൗദിയിൽ ഭൂകമ്പ വിവരങ്ങൾക്ക് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം തുറന്നു. ഭൂകമ്പ വിവരങ്ങൾക്കുള്ള സൗദിയിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. ഭൂമിശാസ്ത്രപരമായ അപകടങ്ങൾക്കും ഭൂകമ്പ വിവരങ്ങൾക്കുമായി സൗദിയിലെ ആദ്യത്തെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രാജ്യത്ത് ഉദ്ഘാടനം ചെയ്തതായി സൗദി ജിയോളജിക്കൽ സർവേ അധികൃതരാണ് പ്രഖ്യാപിച്ചത്.
സൗദി അറേബ്യയിലും പരിസരങ്ങളിലുമുള്ള ഭൂകമ്പ ഡാറ്റയും, ഭൂകമ്പങ്ങളും ഭൂപടങ്ങളുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അടങ്ങിയിരിക്കുന്നു. വ്യവസായ, ധാതുവിഭവ മന്ത്രിയും സൗദി ജിയോളജിക്കൽ സർവേ ഡയറക്ടർ ബോർഡ് ചെയർമാനുമായ ബന്ദർ അൽ ഖുറൈഫിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി ജിയോളജിക്കൽ സർവേ ഡയറക്ടർ ബോർഡ് 44-ാമത് യോഗത്തിലാണ് മന്ത്രി ജിയോറിസ്‌ക് ബേസ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തത്. ഇതോടെ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ദ്രുതഗതിയിൽ അറിയിപ്പ് ലഭ്യമാക്കാനുള്ള അവസരമാണ് നിലവിൽ വന്നത്.