*വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*
റിയാദ്- സൗദി അറേബ്യയിലേക്കുള്ള ഫാമിലി വിസിറ്റ് വിസയും ബിസിനസ് വിസിറ്റ് വിസയും സ്റ്റാമ്പ് ചെയ്യാന്‍ വിഎസ്എഫ് വഴി തന്നെ സമര്‍പ്പിക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് ഇന്ന് സര്‍ക്കുലര്‍ വഴി എല്ലാ ട്രാവല്‍ ഏജന്‍സികളോടും ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയ റീ എന്‍ട്രി വിസ ദീര്‍ഘിപ്പിക്കല്‍, പേഴ്‌സനല്‍ വിസിറ്റ് വിസ എന്നിവക്ക് പുറമെ ഈ രണ്ടു ഇനം വിസകളും സമര്‍പ്പിക്കേണ്ടത് വിഎഫ്എസ് വഴിയാണെന്നാണ് കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്.
നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ ഫാമിലി വിസിറ്റിനെ കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കുലറില്‍ അക്കാര്യം വ്യക്തമായി തന്നെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഏപ്രില്‍ 20 ന് ശേഷം ഓഫീസുകള്‍ വഴി ഫാമിലി വിസിറ്റ് വിസകള്‍ സ്വീകരിക്കില്ലെന്നും കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.
പുതിയ സര്‍ക്കുലറില്‍ ഫാമിലി വിസിറ്റ് കൂടി ഉള്‍പ്പെടുത്തിയതോടെ വിസ സ്റ്റാമ്പ് ചെയ്തുകിട്ടാന്‍ ഇനി വിഎഫ്എസ് കൗണ്ടറുകളെ ആശ്രയിക്കുകയാണ് വേണ്ടത്. ഇതിന് അപോയിന്‍മെന്റ് അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. എല്ലാ രേഖകളും കൃത്യമായിരിക്കുകയും വേണം. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യലടക്കമുള്ള സേവനങ്ങള്‍ വിഎഫ്എസ് വഴിയാണ് ചെയ്യേണ്ടത്. ഇതുവരെ ഈ സേവനങ്ങള്‍ ട്രാവല്‍ ഏജന്‍സികളായിരുന്നു ചെയ്തിരുന്നത്. മുംബൈ, ചെന്നൈ വിഎഫ്എസ് കേന്ദ്രങ്ങളാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആശ്രയം.
ഫാമിലി വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞാൽ സ്പോൺസർ നാടുവിടേണ്ടി വരും
ജിദ്ദ- വിസിറ്റ് വിസയിലെത്തിയ കുടുംബാംഗങ്ങളെ യഥാസമയം തിരിച്ചയക്കുകയോ വിസ നീട്ടുകയോ ചെയ്യാത്തതുമൂലം നിരവധി മലയാളികള്‍ പ്രതിസന്ധിയില്‍. വിസ കാലാവധിക്കുശേഷവും താമസിച്ചതിനുള്ള പിഴയടച്ച് തര്‍ഹീല്‍ വഴി ഇവരെ നാട്ടിലയക്കണമെങ്കില്‍ വിസയെടുത്ത സ്‌പോണ്‍സറും ഫൈനല്‍ എക്‌സിറ്റില്‍ പോകണമെന്നാണ് ജവാസാത്തിനെ സമീപിക്കുന്നവരോട് ആവശ്യപ്പെടുന്നത്. മൂന്നു വര്‍ഷത്തെ പ്രവേശന നിരോധമാണ് ഇതുമൂലം നേരിടേണ്ടി വരിക.
വാദിദവാസിറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ജവാസാത്തിനെ സമീപിച്ചപ്പോള്‍ സ്‌പോണ്‍സറെ കൂടി നാടുകടത്തുമെന്ന മറുപടിയാണ് ലഭിച്ചത്. ബഖാലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ ജവസാത്ത് ഓഫീസറെ സമീപിച്ച് വിസിറ്റ് വിസയിലെത്തിയവര്‍ പത്ത് ദിവസം അധികം താമസിക്കാനിടയായതിന്റെ കാരണം ബോധിപ്പിച്ചെങ്കിലും വിട്ടുവീഴ്ചയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
വിവിധ വിസകളിലെത്തുന്നവര്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വിസാ കാലാവധി അവസാനിക്കുന്നതിനുമുമ്പ് തന്നെ നാട്ടിലേക്ക് മടങ്ങണമെന്നും ജവാസാത്ത് ആവര്‍ത്തിച്ച് ആവശ്യപ്പെടാറുണ്ട്. നിയമലംഘകര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുണ്ടായിട്ടും പലരും യഥാസമയം ഫാമലിയെ തിരിച്ചയക്കുന്നതിലും വിസ നീട്ടുന്നതിലും ശ്രദ്ധിക്കുന്നില്ല. ഓരോ തവണ വിസ ചട്ടം ലംഘിച്ച് താമസിക്കുന്നവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ നല്‍കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് മഹാമാരി കാലത്ത് സൗദി അറേബ്യ വിസ കാലാവധിക്കുശേഷവും തങ്ങിയവരോട് ഔദാര്യം കാണിക്കുകയും പിഴ തുക കുറയ്ക്കുകയും ചെയ്തിരുന്നു.
കാലാവധി കഴിഞ്ഞാലും ഓണ്‍ലൈനില്‍ അല്ലാതെ ജവാസാത്തിനെ നേരിട്ട് സമീപിച്ചാല്‍ വിസ നീട്ടിക്കിട്ടുമെന്ന വിശ്വാസമായിരുന്നു പലര്‍ക്കും. വിസയെടുത്ത സ്‌പോണ്‍സര്‍ കൂടി നാടുവിടേണ്ടി വരുമെന്ന് ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കുടുംബത്തെ ഡീപോര്‍ട്ടേഷന്‍ സെന്റര്‍ വഴി നാട്ടിലയക്കാന്‍ സമീപിക്കുന്നവരോട് കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്.
വിസിറ്റ് വിസയിലെത്തിയവരുടെ പാസ്‌പോര്‍ട്ട്, സ്‌പോണ്‍സറുടെ ഒറിജിനല്‍ ഇഖാമ, ജവാസാത്തിലേക്ക് പൂരിപ്പിച്ച ഫോം, വിസിറ്റ് വിസയിലെത്തിയവരുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായിരുന്നെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജവാസാത്തിനെ സമീപിച്ചല്‍ വിസ നിയമലംഘകരെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ സാധിച്ചിരുന്നു. ജവാസാത്തിലെ ഫാമിലി കാര്യങ്ങള്‍ക്കുള്ള ഓഫീസ് സന്ദര്‍ശിച്ചാല്‍ അപേക്ഷാ ഫോമിനു മുകളില്‍ തര്‍ഹീല്‍ എന്ന സ്റ്റാമ്പ് പതിക്കുകയാണ് രീതി. വിസിറ്റ് വിസയില്‍ എത്തിയവരുമായി നാടുകടത്തല്‍ കേന്ദ്രത്തിലെത്തി അവരുടെ വിരലടയാളമെടുത്ത ശേഷം പാസ്‌പോര്‍ട്ടില്‍ സീല്‍ പതിക്കുകയാണ് ചെയ്തിരുന്നത്. ഇതിനുശേഷം നാട്ടിലേക്ക് മടങ്ങാന്‍ മൂന്നു മതുല്‍ ഏഴു ദിവസംവരെയാണ് സമയം.
ഈ രീതി പ്രതീക്ഷിച്ച് ജവാസാത്തിനെ സമീപിക്കുന്നവരെയാണ് വിസിറ്റ് വിസയെടുത്ത സ്‌പോണ്‍സറെ കൂടി നാടുകടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. കൂടുതല്‍ വ്യക്തതക്കായി ഓണ്‍ലൈനില്‍ അന്വേഷിക്കുന്നവര്‍ക്ക് ജവാസാത്തിലെ ബന്ധപ്പെട്ട ഓഫീസിനെ സമീപിക്കണമെന്ന മറുപടിയാണ് ജവാസാത്തില്‍നിന്ന് ലഭിക്കുന്നത്.
സ്‌പോണ്‍സറെ നാടുകടത്തുന്ന ശിക്ഷയില്‍നിന്ന് ഇളവു ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് പ്രതിസന്ധിയിലായവര്‍. കാലാവധി കഴിഞ്ഞ വിസകള്‍ ഒരു കാരണവശാലും നിലവില്‍ പുതുക്കി നല്‍കുന്നില്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുതുക്കി നല്‍കാന്‍ കഴിയുമെന്ന് പറയുന്നവരുടെ തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.