റിയാദ്- സൗദി അറേബ്യയില്‍ താമസ രേഖയുള്ളവരില്‍ അഞ്ച് വര്‍ഷം മുമ്പ് ഹജ്ജ് ചെയ്തവര്‍ക്കും ഇന്ന് മുതല്‍ ഹജ്ജിന് അപേക്ഷിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മുതലാണ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും നുസുക് ആപ്ലിക്കേഷനിലും അപേക്ഷ സംവിധാനങ്ങള്‍ നിലവില്‍ വന്നത്.
സൗദിയില്‍ നിന്ന് ഹജ്ജിന് അപേക്ഷ നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നുവെങ്കിലും ഒരിക്കല്‍ പോലും ഹജ്ജ് ചെയ്യാത്തവര്‍ക്ക് മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ അവസരം നല്‍കിയത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഹജ്ജ് ചെയ്യാന്‍ സൗദിയില്‍ അനുമതിയുള്ളൂ. ഒരിക്കല്‍ ഹജ്ജ് ചെയ്ത് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ഹജ്ജ് ചെയ്യാനുള്ള അനുമതിയുണ്ട്. എന്നാല്‍ തീരെ ഹജ്ജ് ചെയ്യാത്തവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഈ വര്‍ഷം ഹജ്ജിന് അപേക്ഷ ക്ഷണിച്ചത്. ഏപ്രില്‍ ഒന്നുവരെ മാത്രമേ ഈ മുന്‍ഗണനയുണ്ടാകൂവെന്നും നേരത്തെ അറിയിച്ചിരുന്നു. അഞ്ചോ അതിലധികമോ വര്‍ഷം മുമ്പ് ഹജ്ജ് ചെയ്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇനിയും ഹജ്ജ് ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ എത്രയും വേഗം ഓണ്‍ലൈന്‍, നുസക് ആപ്ലിക്കേഷന്‍ എന്നിവ വഴി അപേക്ഷ നല്‍കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.
12 വയസ്സ് പൂര്‍ത്തിയായിരിക്കണം. തിരിച്ചറിയല്‍ രേഖ ദുല്‍ഹിജ്ജ അവസാനംവരെയെങ്കിലും കാലാവധി വേണം. മാരകമായ വ്യാധികള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ ബാധിച്ചവരാകരുത്. എന്നിവയാണ് നിബന്ധനകള്‍.
മഹ്‌റം അടക്കം ഒരു അപേക്ഷയില്‍ 13 ആശ്രിതരെ ഒരു പാക്കേജില്‍ ചേര്‍ക്കാം. എന്നാല്‍ ആശ്രിതരെ ചേര്‍ക്കല്‍ നിര്‍ബന്ധമില്ല. പ്രത്യേക അപേക്ഷ നല്‍കിയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്ത മഹ്‌റമിനെ നിശ്ചിത നിബന്ധനയില്‍ നിന്ന് ഒഴിവാക്കും.
നാലു പാക്കേജുകളാണ് ഹജ്ജിനുളളത്. രജിസ്‌ട്രേഷന്‍ മുന്‍ഗണനപ്രകാരമാണ് പാക്കേജുകളില്‍ സീറ്റുകള്‍ ലഭ്യമാകുക. ഇതുവരെ ഹജ്ജ് ചെയ്യാത്തവരില്‍ നിന്ന് ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകര്‍ക്കാണ് മുന്തിയ പരിഗണന ലഭിക്കുക.
ശവ്വാല്‍ 15നാണ് ഹജ്ജ് പെര്‍മിറ്റുകള്‍ വിതരണം ചെയ്യുക. കോവിഡ്19 വൈറസ് വാക്‌സിന്‍, മെനിഞ്ചൈറ്റിസ് വാക്‌സിന്‍, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ തുടങ്ങിയ ആവശ്യമായ വാക്‌സിനേഷനുകള്‍ രജിസ്റ്റര്‍ ചെയ്തവര്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പെര്‍മിറ്റ് നല്‍കൂവെന്നും മന്ത്രാലയം അറിയിച്ചു.