പ്രൊജക്റ്റ് മാനേജ്മെന്റ്, സെയിൽസ്, പർച്ചേസ്, ഡെക്കറേഷൻ, സ്ത്രീകളുടെ ടൈലറിങ് എന്നിവയും സഊദിവത്കരിക്കും
റിയാദ്: സഊദിയിൽ കാർഗോ സർവീസുകൾ ഉൾപ്പെടെ കൂടുതൽ മേഖലകളിൽ സഊദിവത്കരണം വരുന്നു. സഊദി മാനവ ശേഷി വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. സെയിൽസ് പർച്ചേസിംഗ് മേഖല ഉൾപ്പെടെയുള്ള ചില മേഖലകളിലും തസ്തികകളിലുമാണ് പുതുതായി സഊദിവത്കരണം വരുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രൊജക്റ്റ് മാനേജ്മെന്റ് തൊഴിലുകൾ പർച്ചേസിംഗ്, സെയിൽസ്, കാർഗോ സർവീസ്, ലേഡീസ് ടൈലറിംഗ്, ഡക്കറേഷൻ വർക്കുകൾ തുടങ്ങിയ മേഖലകളിലെല്ലാം ഘട്ടംഘട്ടമായി ഭാഗികമായോ സമ്പൂർണമായോ സ്വദേശി വൽക്കരണം നടപ്പാക്കാനാണ് പദ്ധതി. മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പർച്ചെയ്സിംഗ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവൽക്കരിക്കും.
പർച്ചേസ് മാനേജർ സെയിൽസ് എക്സ്ക്യൂട്ടിവ്, കോണ്ടാക്റ്റ് മാനേജർ, ട്രേഡ്മാർക്ക്, ടെണ്ടർ എക്സിക്യൂട്ടീവ്, കസ്റ്റമർ മാനേജർ, സെയിൽസ് മാനേജർ, ഫോട്ടോസ്റ്റാറ്റ് ഉപകരണങ്ങളുടെ സെയിൽസ്, മൊത്ത ചില്ലറ വിൽപന മാനേജർമാർ, സെയിൽസ് കോമേഴ്സൽ സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയവയും സ്വദേശി വൽക്കരണത്തിന്റെ പരിധിയിൽ വരും.
സഊദി ട്രാൻസ്പോർട്ട് വകുപ്പുമായി സഹകരിച്ച് കാർഗോ മേഖലയിൽ 14 ഇനം തൊഴിലുകളിലേക്കാണ് സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. ലേഡീസ് ടൈലറിംഗ്, ഡെക്കറേഷൻ മേഖലളിലെ മാനേജ്മെന്റ് തൊഴിലുകളെല്ലാം ജീവനക്കാരുടെ എണ്ണം പരിഗണിക്കാതെ തന്നെ പൂർണമായും സ്വദേശി വൽക്കരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരസ്യം, മെഡിക്കൽ എക്യുപ്മെന്റ് മേഖലയിലെ സെയിൽസ് മേഖലയിൽ 80 ശതമാനം, ആർട്ട് ആന്റ് എൻജിനീയറിംഗിൽ 50 ശതമാനം സഊദിവത്കരണവും നടപ്പാക്കും.
തപാൽ പ്രവർത്തനങ്ങളുടെയും പാഴ്സലുകളുടെ ഗതാഗതത്തിന്റെയും സഊദിവൽക്കരണത്തിന്റെയും മെഡിക്കൽ ഉപകരണ മേഖലയുടെയും രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നതായും മന്ത്രാലയം പ്രഖ്യാപിച്ചു. ഈ തൊഴിലുകളുടെയും പ്രവർത്തനങ്ങളുടെയും സഊദിവൽക്കരണത്തിനായി നൽകിയ ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷം, ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്.