റിയാദ്: സഊദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ആശ്രിതരെ വിവിധ മേഖലകളില്‍ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ പദ്ധതിക്ക് സൗദി ഭരണകൂടം അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ സൗദി അറേബ്യയിലെ ഉന്നതാധികാര സമിതി അനുമതി നല്‍കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതുപ്രകാരം രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാര്‍ക്കും രാജ്യത്തെ വനിതാ ജീവനക്കാരിയുടെ രക്ത ബന്ധുക്കള്‍ക്കും രാജ്യത്ത് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് സഊദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും തൊഴിലുകളും വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. വിദേശ തൊഴിലാളികളുടെ സഹയാത്രികരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രാജ്യത്ത് ജോലി അനുവദിക്കുന്ന നയം നടപ്പാക്കുന്നതിന്റെ വരുംവരായ്കകളെ കുറിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഉന്നത അധികാരികള്‍ ഇതിന് അംഗീകാരം നല്‍കിയത്.
നിലവിലെ ജോലി ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റിന് ബദലായിട്ടായിരിക്കും പ്രവാസി ജീവനക്കാരുടെ ആശ്രിതരെ ജോലിക്ക് നിയമിക്കുക. അത് നിതാഖത്ത് സഊദിവല്‍ക്കരണ പ്രോഗ്രാമിന്റെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ ആവശ്യകതകള്‍ക്കനുസൃതമായി രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതാ പരീക്ഷകളില്‍ വിജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.