റിയാദ് – വിശുദ്ധ റമദാനിൽ പ്രധാന നഗരങ്ങളിൽ പ്രവേശിക്കുന്നതിന് ട്രക്കുകൾക്കുള്ള സമയങ്ങൾ ട്രാഫിക് ഡയറക്ടറേറ്റ് നിർണയിച്ചു. റിയാദിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സേവന ആവശ്യങ്ങൾക്കുള്ള ട്രക്കുകൾ ഒഴികെയുള്ള ലോറികൾ രാവിലെ എട്ടു മുതൽ പുലർച്ചെ രണ്ടു വരെയുള്ള സമയത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സേവന ആവശ്യങ്ങൾക്കുള്ള ലോറികൾ രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്നു മുതൽ ആറു വരെയും നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ റിയാദിൽ വൈകീട്ട് നാലു മുതൽ രാവിലെ എട്ടു വരെയുള്ള സമയത്ത് സേവന ആവശ്യങ്ങൾക്കുള്ളവ ഒഴികെയുള്ള ട്രക്കുകൾ നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സേവന ആവശ്യങ്ങൾക്കുള്ള ട്രക്കുകൾ വൈകീട്ട് നാലു മുതൽ ആറു വരെയും രാത്രി ഒമ്പതു മുതൽ പുലർച്ചെ ഒരു മണി വരെയും തലസ്ഥാന നഗരിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. മക്ക (ഖുറൈസ്) റോഡിൽ എക്‌സിറ്റ് 13 മുതൽ ഡിപ്ലോമാറ്റിക് ക്വാർട്ടർ വരെയുള്ള ഭാഗത്തും കിംഗ് ഫഹദ് റോഡിൽ എക്‌സിറ്റ് നാലു മുതൽ അൽജസായിർ (ദീറാബ്) ചത്വരം വരെയുള്ള ഭാഗത്തും ലോറികൾ പ്രവേശിക്കുന്നതിന് പൂർണ വിലക്കുണ്ട്.
ജിദ്ദയിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ജലടാങ്കറുകൾക്കും കുപ്പത്തൊട്ടികളിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾക്കും ഇരുപത്തിനാലു മണിക്കൂറും നഗരത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. മറ്റു ലോറികളും ട്രക്കുകളും രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴു വരെയും രാത്രി ഒമ്പതു മുതൽ പുലർച്ചെ ഒരു മണി വരെയും നഗരത്തിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണി വരെ വിലക്ക് പ്രാബല്യത്തിലുണ്ടാകും. വെള്ളി, ശനി ദിവസങ്ങളിൽ ഇളവ് നൽകപ്പെട്ടവ ഒഴികെയുള്ള ലോറികൾക്ക് വൈകീട്ട് നാലു മുതൽ ഏഴു വരെയും രാത്രി ഒമ്പതു മുതൽ പുലർച്ചെ മൂന്നു വരെയും വിലക്കുണ്ടാകും. ശനിയാഴ്ചകളിൽ പുലർച്ചെ ഒരു മണി വരെയാണ് വിലക്ക് പ്രാബല്യത്തിലുണ്ടാവുക.
കിഴക്കൻ പ്രവിശ്യയിലെ ദമാം, ദഹ്‌റാൻ, അൽകോബാർ എന്നിവിടങ്ങളിൽ മൂന്നു ഘട്ടങ്ങളായാണ് ട്രക്കുകൾക്ക് വിലക്കുള്ളത്. രാവിലെ ഒമ്പതു മുതൽ പതിനൊന്നു വരെയും വൈകീട്ട് മൂന്നു മുതൽ ആറു വരെയും രാത്രി ഒമ്പതു മുതൽ അർധരാത്രി പന്ത്രണ്ടു വരെയുമാണ് ദമാമിലും ദഹ്‌റാനിലും അൽകോബാറിലും ട്രക്കുകൾ പ്രവേശിക്കുന്നതിന് വിലക്കുള്ളതെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.