മക്ക:റമദാനില്‍ വിശുദ്ധ ഹറമിലേക്കും തിരിച്ചും സഞ്ചരിക്കാന്‍ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും അവലംബിക്കാവുന്ന അഞ്ചു ഗതാഗത ഓപ്ഷനുകളുള്ളതായി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. കാല്‍നടയാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നമസ്‌കാര സമയങ്ങളില്‍ ഹറമിനു സമീപമുള്ള റോഡുകളില്‍ കാല്‍നടയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതല്‍ മികച്ച സേവനം ഉറപ്പുവരുത്താന്‍ അനുയോജ്യമായ റോഡുകളിലേക്ക് വാഹനങ്ങള്‍ തിരിച്ചുവിടാന്‍ 28 കേന്ദ്രങ്ങളില്‍ ട്രാഫിക് പോലീസുകാര്‍ സേവനമനുഷ്ഠിക്കും.
ഹറമിലേക്ക് പോകുന്ന വിശ്വാസികള്‍ക്ക് അഞ്ചു ഓപ്ഷനുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസുകളാണ് ഇതില്‍ ഒന്ന്. ഏറ്റവും വേഗവും എളുപ്പവുമാര്‍ന്ന ഗതാഗത സംവിധാനമാണിത്.
ബസ് ഷട്ടില്‍ സര്‍വീസാണ് രണ്ടാമത്തെ ഓപ്ഷന്‍. ഹറമിനടുത്ത സെന്‍ട്രല്‍ ഏരിയയിലെത്താന്‍ ആശ്രയിക്കാവുന്ന ഏറ്റവും മാതൃകായോഗ്യമായ ഗതാഗത സംവിധാനമാണിത്. ഹറമിന്റെ സമീപപ്രദേശങ്ങളിലെത്താന്‍ ടാക്‌സികളും പ്രയോജനപ്പെടുത്താവുന്നതാണ്.
സ്വകാര്യ കാറുകളില്‍ കാര്‍ പാര്‍ക്കിംഗുകളിലും അനുയോജ്യമായ മറ്റു സമീപ സ്ഥലങ്ങളിലും എത്താനും സാധിക്കും. കാല്‍നടയായും ഹറമിലെത്താവുന്നതാണ്. സെന്‍ട്രല്‍ ഏരിയക്കു സമീപമുള്ള ഡിസ്ട്രിക്ടുകളിലെ നിവാസികള്‍ക്കും താമസക്കാര്‍ക്കും ഹറമിലെത്താന്‍ അവലംബിക്കാവുന്ന ഏറ്റവും മികച്ച മാര്‍ഗം ഇതാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.