റിയാദ് – ഇംഗ്ലീഷിലുള്ള കൊമേഴ്സ്യൽ രജിസ്ട്രേഷൻ തൽക്ഷണ പ്രിന്റൗട്ട് സേവനത്തിന് തുടക്കം കുറിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കൊമേഴ്സ്യൽ രജിസ്ട്രേഷൻ വിവർത്തന സേവനം സൗദി ബിസിനസസ് സെന്റർ പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഈ സേവനത്തിന്റെ പേര് ഇംഗ്ലീഷിലുള്ള കൊമേഴ്സ്യൽ രജിസ്ട്രേഷൻ പ്രിന്റൗട്ട് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. സൗദി ബിസിനസ് സെന്റർ പ്ലാറ്റ്ഫോം വഴി ഇനി മുതൽ ഇംഗ്ലീഷിലുള്ള കൊമേഴ്സ്യൽ രജിസ്ട്രേഷൻ പ്രിന്റൗട്ടുകൾ തൽക്ഷണം ലഭിക്കും. ഈ സേവനം തീർത്തും സൗജന്യമാണ്. നേരത്തെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഇംഗ്ലീഷ് വിവർത്തന സേവനത്തിന് 100 റിയാൽ ഫീസ് ഈടാക്കിയിരുന്നു.
വാണിജ്യ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമ-പാർപ്പിട മന്ത്രാലയം, സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്, ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് എന്നിവയിൽ നിന്നുള്ള സേവനങ്ങൾ സൗദി ബിസിനസ് സെന്റർ ശാഖകളും ബിസിനസ് പ്ലാറ്റ്ഫോമും ഉപയോക്താക്കൾക്ക് നൽകുന്നു. ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട 58 വകുപ്പുകളിൽ നിന്നുള്ള സേവനങ്ങളും ബിസിനസ് പ്ലാറ്റ്ഫോമും സൗദി ബിസിനസ് സെന്റർ ശാഖകളും വഴി ലഭിക്കും.
സൗദിയിലെ പതിമൂന്നു നഗരങ്ങളിലായി സൗദി ബിസിനസ് സെന്ററിന് പതിനാറു ശാഖകളുണ്ട്. കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഇഷ്യു ചെയ്യൽ, കൊമേഴ്സ്യൽ രജിസ്ട്രേഷനിൽ ഭേദഗതികൾ വരുത്തൽ, ബിസിനസ് ലൈസൻസുകൾ, ഉത്ഭവ സർട്ടിഫിക്കറ്റുകൾ (സർട്ടിഫിക്കറ്റ്സ് ഓഫ് ഒറിജിൻ), കരാറുകളുടെയും ഇടപാടുകളുടെയും ഡോക്യുമെന്റേഷൻ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ, ഉടമസ്ഥാവകാശ മാറ്റം, സ്പോൺസർഷിപ്പ് മാറ്റം, വിസ ഇഷ്യു ചെയ്യൽ, ടാക്സ് റിട്ടേൺ സേവനം എന്നിവ അടക്കം 750 ലേറെ സേവനങ്ങൾ സൗദി ബിസിനസ് സെന്റർ ശാഖകൾ നൽകുന്നു.