റിയാദ്- കിരീടാവകാശി മുഹമ്മദ് ബിന്‍ ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ച പുതിയ വിമാനക്കമ്പനി റിയാദ് എയര്‍ പ്രത്യക്ഷവും പരോക്ഷവുമായി രണ്ട് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് കമ്പനി അറിയിച്ചു. എണ്ണയിതര വരുമാനത്തില്‍ 20 ബില്യന്‍ ഡോളറിന്റെ അധിക വരുമാനവും ഇതിലൂടെ പ്രതീക്ഷിക്കുന്നു.
പി.ഐ.എഫ് മാത്രമായിരിക്കും റിയാദ് എയറിന്റെ ഏക ഉടമ. കമ്പനി ചെയര്മാന് യാസര്‍ ബിന്‍ ഉസ്മാന് അല്‍ റുമയ്യാനാകും റിയാദ് എയര്‍ ഡയറക്ടര്‍ ബോര്‍ഡിനെ നയിക്കുന്നത്.
റിയാദ് എയര്‍ സി.ഇ.ഒആയി നിയമിതനായ ടോണി ഡഗ്ലസ് അബുദാബിയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദിന്റെ മുന്‍ ചെയര്‍മാനാണ്. നാലു പതിറ്റാണ്ടിലധികം കാലത്തെ വ്യോമയാന വൈദഗ്ധ്യമുള്ളയാളാണ് അദ്ദേഹം.
2030 ആകുമ്പോഴേക്കും 100 ഡെസ്റ്റിനേഷന്‍ എന്നതാണ് റിയാദ് എയറിന്റെ ലക്ഷ്യം. 2022 നവംബറില്‍ പ്രഖ്യാപിച്ച റിയാദിലെ പുതിയ കിംഗ് സല്മാന് രാജ്യാന്തര വിമാനത്താവളത്തിന്റെ മാസ്റ്റര്‍പ്ലാനിന്റെ തുടര്‍ച്ചയാണ് പുതിയ എയര്‍ലൈന്‍.