റിയാദ് – നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും തമ്മില്‍ ധാരണയിലെത്തിയതിനെ യു.എന്നും അറബ് ലീഗും ഒ.ഐ.സിയും ജി.സി.സിയും മുസ്‌ലിം വേള്‍ഡ് ലീഗും ലോക രാജ്യങ്ങളും സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ ചൈനയും മറ്റു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രശംസിച്ചു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നല്ല അയല്‍പക്ക ബന്ധം ഗള്‍ഫ് മേഖലയുടെ സ്ഥിരതക്ക് അനിവാര്യമാണെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണ ഇരു രാജ്യങ്ങള്‍ക്കും രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും ഗുണകരമാകട്ടെയെന്നും പ്രാദേശിക, അന്താരാഷ്ട്ര സ്ഥിരതയും സമൃദ്ധിയും ശക്തിപ്പെടുത്താന്‍ സഹായിക്കട്ടെയെന്നും മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ പ്രത്യാശിച്ചു.
രാഷ്ട്രീയ പരിഹാരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മുന്‍ഗണന നല്‍കുന്ന സൗദി അറേബ്യയുടെ കാഴ്ചപ്പാടിന്റെയും മേഖലയില്‍ ഈ രീതി ശാശ്വതമാക്കാനുള്ള അതിയായ ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണ് ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. മേഖലയിലെ രാജ്യങ്ങള്‍ ഒരേ ഭാഗധേയത്തില്‍ ഒരുമിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. സമൃദ്ധവും സുസ്ഥിരവുമായ ഒരു മാതൃക കെട്ടിപ്പടുക്കാന്‍ പങ്കാളിത്തം അനിവാര്യമാക്കുന്നു.