റിയാദ് – സൗദി അറേബ്യയുടെ പതാകയിൽ മൂന്നു പുതിയ ഭേദഗതികൾ അംഗീകരിച്ചതായി, സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ, സൗദി പതാക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വെളിപ്പെടുത്തി. സത്യസാക്ഷ്യവാക്യത്തിൽ ഹംസകളും (ഹാഅ് എന്ന അക്ഷരങ്ങൾ) അലങ്കാര രൂപങ്ങളും പുതുതായി ഉൾപ്പെടുത്തുകയും സത്യസാക്ഷ്യവാക്യത്തിന്റെ അടിഭാഗത്തുള്ള ഖഡ്ഗത്തിന്റെ പിടിയിൽ നേരിയ മാറ്റം വരുത്തുകയുമാണ് ചെയ്തിരിക്കുന്നത്. അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രേഡ് മാർക്ക് ആയും പരസ്യങ്ങൾക്കും സൗദി ദേശീയ പതാക ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ പതാകയിൽ മറ്റു വാചകങ്ങളോ ചിത്രങ്ങളോ എംബ്ലങ്ങളോ ഉൾപ്പെടുത്തുന്നതിനും വിലക്കുണ്ട്. കാലപ്പഴക്കത്താൽ നിറം മങ്ങിയ നിലയിലുള്ള പതാകയും മോശം അവസ്ഥയിലുള്ള പതാകയും ഉയർത്താൻ പാടില്ല. ഇത്തരം പതാകകൾ അവ ഉപയോഗിക്കുന്ന വകുപ്പുകൾ തന്നെ നശിപ്പിക്കുകയാണ് വേണ്ടതെന്നും സൗദി മാധ്യമമായ മലയാളം ന്യൂസ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃഗങ്ങളുടെ ശരീരങ്ങളിൽ പതാക പുതപ്പിക്കാനും മുദ്രണം ചെയ്യാനും പാടില്ല. ഉപയോഗത്തിനു ശേഷം വലിച്ചെറിയാൻ ഉദ്ദേശിക്കുന്ന വസ്തുക്കളിൽ അച്ചടിക്കുന്നത് ഉൾപ്പെടെ, പതാകയെ അപമാനിക്കുന്നതോ കേടുവരുത്തുന്നതോ ആയ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു.