റിയാദ് – വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രേഡ് മാർക്ക് ആയും പരസ്യങ്ങൾക്കും സൗദി ദേശീയ പതാക ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ പതാകയിൽ മറ്റു വാചകങ്ങളോ ചിത്രങ്ങളോ എംബ്ലങ്ങളോ ഉൾപ്പെടുത്തുന്നതിനും വിലക്കുണ്ട്. കാലപ്പഴക്കത്താൽ നിറം മങ്ങിയ നിലയിലുള്ള പതാകയും മോശം അവസ്ഥയിലുള്ള പതാകയും ഉയർത്താൻ പാടില്ല. ഇത്തരം പതാകകൾ അവ ഉപയോഗിക്കുന്ന വകുപ്പുകൾ തന്നെ നശിപ്പിക്കണമെന്ന് മലയാളം ന്യൂസ് ദിനപത്രം സ്ഥിരീകരിച്ചു.
മൃഗങ്ങളുടെ ശരീരങ്ങളിൽ പതാക പുതപ്പിക്കാനും മുദ്രണം ചെയ്യാനും പാടില്ല. ഉപയോഗത്തിനു ശേഷം വലിച്ചെറിയാൻ ഉദ്ദേശിക്കുന്ന വസ്തുക്കളിൽ അച്ചടിക്കുന്നത് ഉൾപ്പെടെ, പതാകയെ അപമാനിക്കുന്നതോ കേടുവരുത്തുന്നതോ ആയ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു.
ഒരു സാഹചര്യത്തിലും പാതക തലകീഴായി ഉയർത്താൻ പാടില്ല. ദേശീയ പതാകയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ പ്രത്യേക പതാകയും താഴ്ത്തിക്കെട്ടുന്നതിനും വിലക്കുണ്ട്. എന്തെങ്കിലും വസ്തുക്കൾ കെട്ടാനോ വഹിക്കാനോ ഉള്ള വസ്തു എന്നോണം പതാക ഉപയോഗിക്കാൻ പാടില്ല. ഒരു രൂപത്തിലുമുള്ള വ്യാപാര വസ്തു എന്നോണം പതാക ഉപയോഗിക്കരുത്.
കേടാകാനോ ചെളിപുരളാനോ ഇടയാക്കും വിധം മോശം സ്ഥലങ്ങളിൽ പതാക സൂക്ഷിക്കരുത്. പതാക ഉറപ്പിച്ചുനിർത്താനോ കൊടിമരത്തിൽ കെട്ടിവലിക്കാനോ പാടില്ല, സ്വതന്ത്രമായി പാറിക്കളിക്കുന്ന നിലയിലാണ് പാതക ഉയർത്തേണ്ടത്. പതാകയുടെ വശങ്ങൾ അലങ്കരിക്കാനോ മറ്റെന്തെങ്കിലും വസ്തുക്കൾ പതാകയിൽ കൂട്ടിച്ചേർക്കാനോ പാടില്ല. ഭൂമി, വെള്ളം, മേശ എന്നിവയെ പതാക സ്പർശിക്കാൻ പാടില്ല. രാജാവിന്റെ പ്രത്യേക പതാകയിൽ ഒഴികെ സൗദി ദേശീയ പതാകയിൽ മറ്റു എംബ്ലങ്ങളൊന്നും സ്ഥാപിക്കാൻ പാടില്ല. രാജാവിന്റെ പതാകയിൽ കൊടിമരത്തോട് ചേർന്ന അടിഭാഗത്ത് സൗദി അറേബ്യയുടെ എംബ്ലം (ഈത്തപ്പനയും രണ്ടു വാളുകളും) അടങ്ങിയിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.