ജിദ്ദ: നഗരത്തിൽ നടപ്പാക്കുന്ന ചേരിവികസന പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിച്ച 24,011 കുടുംബങ്ങൾക്ക് സർക്കാർ ചെലവിൽ താമസ സൗകര്യം ഒരുക്കി നൽകിയതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ഇവരുടെ പാർപ്പിട വാടക ഇനത്തിൽ ഇതുവരെ 58.95 കോടി റിയാൽ സർക്കാർ വഹിച്ചു. കഴിഞ്ഞ ഒക്‌ടോബർ മുതൽ ഇതുവരെയാണ് ചേരിപ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിച്ചവരുടെ പാർപ്പിട വാടക ഇനത്തിൽ ഇത്രയും തുക സർക്കാർ ചെലവഴിച്ചത്.
പാർപ്പിട വാടക വഹിക്കൽ, ഭക്ഷ്യകിറ്റ് വിതരണം, മരുന്ന് വിതരണം, ഭക്ഷണ വിതരണം, വീട്ടുപകരണങ്ങൾ നീക്കം ചെയ്യൽ, കുട്ടികൾക്കുള്ള ബേബിഫുഡ് വിതരണം എന്നീ സൗജന്യ സേവനങ്ങൾ കുടിയൊഴിപ്പിക്കുന്നവർക്ക് നൽകുന്നുണ്ട്. ചേരിപ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിച്ച കുടുംബങ്ങളിൽ പെട്ട 269 സ്വദേശി യുവതീയുവാക്കൾക്ക് ഇതുവരെ തൊഴിൽ ലഭ്യമാക്കി. 794 കുടുംബങ്ങൾക്ക് സ്വന്തം ഉടമസ്ഥതയിലുള്ള പാർപ്പിടങ്ങൾ വിതരണം ചെയ്തതായും മക്ക ഗവർണറേറ്റ് അറിയിച്ചു.