*റിയാദ്* : സിഗ്നലുകളിൽ വലതു വശത്തേക്ക് തിരിഞ്ഞുകയറാൻ വ്യവസ്ഥകൾ ബാധകമാണെന്നും ഇത് പാലിക്കാതിരിക്കുന്നത് സിഗ്നൽ കട്ട് ചെയ്യലായി കണക്കാക്കി പിഴ ചുമത്തുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. റെഡ് സിഗ്നൽ തെളിഞ്ഞുനിൽക്കുന്ന സമയത്ത് വലതു വശത്തേക്ക് തിരിഞ്ഞുകയറുന്നതിനു മുമ്പായി വാഹനം പൂർണമായും നിർത്തി മറ്റു വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പു വരുത്തണം. സിഗ്നലിൽ വലതു വശത്തേക്ക് തിരിഞ്ഞുകയറുമ്പോൾ മറ്റു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്.
സിഗ്നലിന്റെ അറ്റത്ത് ട്രയാങ്കിൾ ഉണ്ടെങ്കിൽ ട്രയാങ്കിളിൽ എത്തുന്നതിനു മുമ്പായാണ് വലതു വശത്തേക്ക് തിരിയേണ്ടത്. ട്രയാങ്കിളിനു ശേഷം വലതു വശത്തേക്ക് തിരിയുന്നത് സിഗ്നൽ കട്ട് ചെയ്യലായി പരിഗണിക്കപ്പെടും.
സർവീസ് റോഡില്ലാത്ത മെയിൻ റോഡ് ആണെങ്കിൽ വലതു വശത്തേക്ക് തിരിയുന്നതിനു മുമ്പായി വലത്തേയറ്റത്തെ ട്രാക്ക് പാലിക്കൽ നിർബന്ധമാണ്. സർവീസ് റോഡും മെയിൻ റോഡുമുള്ള സിഗ്നലിൽ സർവീസ് റോഡിലെ വലതു വശത്തെ ട്രാക്കിലൂടെ എത്തിയാണ് വലതു വശത്തേക്ക് തിരിഞ്ഞുകയറേണ്ടത്. റെഡ് സിഗ്നൽ തെളിഞ്ഞ സമയത്ത് വലതു വശത്തേക്ക് തിരിഞ്ഞുകയറുന്നത് വിലക്കുന്ന ബോർഡോ തെളിഞ്ഞ ചുവന്ന അസ്ത്ര ചിഹ്നമോ സിഗ്നലിൽ ഉള്ള പക്ഷം വലതു വലത്തേക്ക് തിരിഞ്ഞുകയറാൻ പാടില്ല. ഇത് ലംഘിക്കുന്നതും സിഗ്നൽ കട്ട് ചെയ്യലായി പരിഗണിക്കപ്പെടുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
ഡ്രൈവിംഗിനിടെ റോഡിൽ വെച്ച് വാഹനങ്ങൾ പ്രവർത്തനരഹിതമാകുന്ന പക്ഷം ഏതാനും മാർഗനിർദേശങ്ങൾ പാലിക്കണം. കേടാകുന്ന പക്ഷം റോഡിന്റെ വലത്തേയറ്റത്ത് ആണ് വാഹനം നിർത്തേണ്ടത്. അതല്ലെങ്കിൽ സുരക്ഷിത രീതിയിൽ വാഹനം റോഡിന് പുറത്തേക്ക് തള്ളിനീക്കണം. അതേ ദിശയിൽ വരുന്ന മറ്റു വാഹനങ്ങൾ കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ മറ്റു ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിന് ഉചിതമായ അകലത്തിൽ മുന്നറിയിപ്പ് അടയാളങ്ങൾ സ്ഥാപിക്കണം. വാഹനം പ്രവർത്തന രഹിതമായതിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഉണർത്തി.
————-