മക്ക- ഹോട്ടൽ ഭക്ഷണം തൂക്കി വിൽക്കൽ നിയമം മക്കയിൽ മാത്രമാണ് ബാധകമെന്ന് മന്ത്രാലയം.
ഹോട്ടലുകളിലും കിച്ചണുകളിലും ഭക്ഷണ പദാർഥങ്ങൾ നിർദിഷ്ട അളവും തൂക്കവും പാലിച്ചാണ് വിൽക്കുന്നതെന്ന് ഉറപ്പു വരുത്താൻ ത്രാസുകൾ സ്ഥാപിക്കണമെന്ന നിർദേശം മക്കയിലൊഴികെയുള്ള ഹോട്ടലുകളിൽ ബാധകമാക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് മുനിസിപ്പൽ ഗ്രാമ വികസന മന്ത്രാലയ വാക്താവ് വ്യക്തമാക്കി.
ഇതര പ്രവിശ്യകളിലേക്കും നിയമം ബാധകമാക്കാൻ നിർദേശിച്ചു കൊണ്ടുള്ള എന്തെങ്കിലും നിർദേശം പുറപ്പെടുവിക്കാനുള്ള സാധ്യയും വക്താവ് തള്ളിക്കളഞ്ഞു. മക്കയിലെ ഹോട്ടലുകളിലും കിച്ചണുകളിലും എണ്ണത്തിനു പകരം തൂക്കം എന്ന നിലയിൽ വിഭവങ്ങൾ വിൽക്കണമെന്നാവശ്യപ്പെട്ട് മക്ക ആക്ടിംഗ് മേയർ സാലിഹ് അൽ തുർക്കി കഴിഞ്ഞ നവംബറിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എണ്ണം യാതൊരു തരത്തിലും നിജപ്പെടുത്താൻ സാധിക്കാത്തതിനാൽ തന്നെ ഓരോ ഹോട്ടലുകാരും തോന്നിയ പോലെയായിരുന്നു പാക്ക് ചെയ്തിരുന്നത്.
പലപ്പോഴും അത് ഉപഭോക്താക്കൾക്കും ഹോട്ടലുടമകൾക്കുമിടയിൽ തർക്കത്തിനും അലോസരത്തിനും കാരണമാകാറുമുണ്ട്. ഓൺലൈനായും മറ്റുമൊക്കെ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സംഭവങ്ങളും കുറവല്ല. അതുകൊണ്ടാണ് ഹോട്ടൽ ഭക്ഷണം തൂക്കി വിൽക്കൽ നിയമം മക്കയിൽ ബാധകമാക്കിയത്.