റിയാദ്: സൗദിയിലെ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി കമ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷൻ അറിയിച്ചു. ലോക്കൽ റോമിംഗ് സേവനത്തിന്റെ തുടർച്ചയെന്നോണമാണ് പുതിയ സേവനം ആരംഭിച്ചത്.
50 ലക്ഷം ജനങ്ങൾക്ക് തുടർച്ചയായ ടെലികോം സേവനങ്ങൾ ഉറപ്പാക്കുന്നതിന് സൗദിലെ വിവിധ പ്രവിശ്യകളിലെ 21,000 ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ലോക്കൽ റോമിംഗ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോക്കൽ റോമിംഗ് സേവനത്തിന്റെ ഭാഗമായാണ് അതിവേഗ ഇന്റർനെറ്റ് സേവനവും ലഭ്യമാക്കിയിരിക്കുന്നത്. തങ്ങൾ വരിചേർന്ന കമ്പനിയുടെ നെറ്റ് വർക്ക് കവറേജില്ലാത്ത സന്ദർഭങ്ങളിൽ അധിക ഫീസുകൾ കൂടാതെ നെറ്റ് വർക്ക് മാറി വോയ്‌സ് സേവനങ്ങളും ഇന്റർനെറ്റും എസ്.എം.എസ്സുകളും പ്രയോജനപ്പെടുത്താൻ ലോക്കൽ റോമിംഗ് സേവനം ഉപയോക്താക്കളെ സഹായിക്കുന്നു.
ലോക്കൽ റോമിംഗ് സേവനം വൻ വിജയമായി മാറിയിട്ടുണ്ട്. പ്രതിദിനം ശരാശരി 25,000 ലേറെ എസ്.എം.എസ്സുകളും 3,40,000 ലേറെ ഫോൺ കോളുകളും ഏഴു ടെറാബൈറ്റ് ഡാറ്റയും ലോക്കൽ റോമിംഗ് സേവനം വഴി വിവിധ ടെലികോം കമ്പനി ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുന്നു.
ലോക്കൽ റോമിംഗ് സേവനം ദിവസേന ശരാശരി 2,36,000 ലേറെ പേർ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും കമ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷൻ പറഞ്ഞു. ഉപയോക്താക്കൾക്കുള്ള ഓപ്ഷനുകൾ വൈവിധ്യവൽക്കരിക്കാനും ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും സേവന തുടർച്ച ഉറപ്പു വരുത്താനും ടെലികോം കമ്പനികൾ തമ്മിൽ മത്സരം ശക്തമാക്കാനും ലോക്കൽ റോമിംഗ് സേവനത്തിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നു.
സൗദിയിലെ ഉൾപ്രദേശങ്ങളിലും ഇനി അതിവേഗ ഇന്റർനെറ്റ്
