കുവൈറ്റ് സിറ്റി:റമദാന്‍ മാസം അടുത്തതോടെ രാജ്യത്തെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. ഇതിന്റെ മുന്നോടിയായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിന്റെ വില നിരീക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടങ്ങി. ഇന്നലെ നടത്തിയ പരിശോധനയില്‍ ഷുവൈഖ് പ്രദേശത്തെ ഈന്തപ്പഴം, ഭക്ഷ്യവസ്തുക്കള്‍, ഉള്‍പ്പെടെയുള്ളവ വില്‍പ്പന നടത്തുന്ന സ്റ്റോറുകളിലും മാര്‍ക്കറ്റുകളിലും അവയുടെ ലഭ്യത, ഈടാക്കുന്ന വില, സാധനങ്ങളുടെ ഗുണനിലവാരം തുടങ്ങിയ സംഘം നിരീക്ഷിച്ചു. റമദാനില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെയും വില നിയന്ത്രണം പാലിക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച്സ്ഥാപന ഉടമകളെ ബോധ്യപ്പെടുത്തിയതായും അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വില നിരീക്ഷിക്കുന്നതിനും കൃത്രിമമായ വിലക്കയറ്റം തടയുന്നതിനും കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ അനീസി അല്‍ ഖബസിനോട് പറഞ്ഞു. വില നിയന്ത്രിക്കാന്‍ സഹകരണ സംഘങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കാരണം ഉപഭോക്താക്കളില്‍ 80 ശതമാനവും സഹകരണ സംഘങ്ങളെയാണ് സാധനങ്ങള്‍ വാങ്ങുന്നതിനായി ആശ്രയിക്കുന്നത്.
സാധനങ്ങളുടെ ഡിമാന്റ് വര്‍ധിപ്പിക്കുന്നതിന് അനുസൃതമായി അവ പൂഴ്ത്തിവയ്ക്കുകയും കൃത്രിമ ക്ഷാമം ഉണ്ടാക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ഈ രീതിയില്‍ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുന്നത് തടയുകയാണ് പരിശോധനകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇത്തരം തെറ്റായ നടപടികളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ ലമഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.