റിയാദ്: വാഹന രജിസ്ട്രേഷൻ (ഇസ്തിമാറ) പുതുക്കാൻ ഫീസ് അടക്കുകയും പിന്നീട് ഇസ്തിമാറ പുതുക്കാനുള്ള തീരുമാനം മാറ്റുകയും ചെയ്യുന്ന പക്ഷം ഫീസ് തിരികെ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഏതു അക്കൗണ്ടിൽ നിന്നാണോ ഫീസ് അടച്ചതെങ്കിൽ അതേ അക്കൗണ്ട് വഴി ഫീസ് തിരികെ ഈടാക്കാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഫീസ് അടച്ച ശേഷം ഇസ്തിമാറ പുതുക്കാനുള്ള തീരുമാനം മാറ്റിയ തനിക്ക് എങ്ങിനെയാണ് ഫീസ് തിരികെ ലഭിക്കുക എന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രൈവിംഗ് ലൈസൻസും ഇസ്തിമാറയും പുതുക്കാൻ കാലതാമസം വരുത്തുന്നതിന് ഓരോ വർഷത്തിനും ഓരോ കൊല്ലത്തിലെയും ഭാഗത്തിനും 100 റിയാൽ തോതിലാണ് പിഴ ഈടാക്കുമെന്ന് ട്രാഫിക് നിയമം വ്യക്തമാക്കുന്നു. പരമാവധി 300 റിയാൽ വരെയാണ് ഡ്രൈവിംഗ് ലൈസൻസും ഇസ്തിമാറയും പുതുക്കാൻ കാലതാമസം വരുത്തുന്നതിന് പിഴയായി ഈടാക്കുക. കാലാവധി തീർന്ന് 60 ദിവസത്തിനു ശേഷമാണ് പിഴ ബാധകമാക്കുകയെന്നും ട്രാഫിക് നിയമം വ്യക്തമാക്കുന്നു.
അതേസമയം, കേടായതിനാലും ജീർണാവസ്ഥയിലായതിനാലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾ പിഴകളും ഫീസുകളും കൂടാതെ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ അനുവദിച്ച സാവകാശം അവസാനിക്കാൻ ഏഴു ദിവസം കൂടി മാത്രമാണ് ശേഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിർ പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ, പ്രൈവറ്റ് ഗതാഗത വാഹനങ്ങൾ, സ്വകാര്യ മിനി ബസുകൾ, പബ്ലിക് മിനി ബസുകൾ, ടാക്സികൾ, പൊതുമരാമത്ത് വാഹനങ്ങൾ, ബൈക്കുകൾ എന്നീ വാഹനങ്ങൾ ഇപ്പോൾ പ്രഖ്യാപിച്ച ഇളവുകൾ പ്രകാരം രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കും. അംഗീകൃത സെന്ററുകൾ വഴിയാണ് ഇത്തരം വാഹനങ്ങൾ ഓൺലൈൻ ആയി രേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കേണ്ടതെന്നും അബ്ശിർ പറഞ്ഞു.