GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സ്വദേശിവല്‍ക്കരണം: കുവൈറ്റില്‍ 1,800 പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാവും


കുവൈറ്റ് സിറ്റി:കുവൈറ്റില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലെ പ്രവാസി അധ്യാപകരം പിരിച്ചുവിടാന്‍ തീരുമാനം. സ്വദേശി അധ്യാപകരെ ലഭ്യമായ മേഖലകളിലാണ് വിദേശികളെ പിരിച്ചുവിടുക. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ 1,800 പ്രവാസി അധ്യാപകര്‍ക്ക് അവരുടെ ജോലി നഷ്ടമാവുമെന്ന് പ്രോദേശിക അറബി ദിനപത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ പ്രവാസി അധ്യാപകരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, കമ്പ്യൂട്ടര്‍, കലാ വിദ്യാഭ്യാസം, സംഗീതം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെയാണ് തീരുമാനം ബാധിക്കുക.

ഇതുമായി ബന്ധപ്പെട്ട് പിരിച്ചുവിടുന്നതിനുള്ള മുമ്പുള്ള നടപടിക്രമങ്ങള്‍ ആലോചിക്കുന്നതിനായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട മേഖലാ ഓഫീസുകളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള യോഗം അടുത്ത ദിവസം നടക്കും. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ പിരിച്ചുവിടല്‍. കുവൈറ്റിലെ അക്കാദമിക കലണ്ടര്‍ അനുസരിച്ച് വേനല്‍ അവധിക്കാല ശമ്പളത്തിന് അര്‍ഹതയുള്ളതിനാല്‍ ആഗസ്റ്റോടെ പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും പത്രം അറിയിച്ചു. സ്വദേശി അധ്യാപകര്‍ ലഭ്യമായ മേഖലകളില്‍ പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ഹമദ് അല്‍ അദ് വാനി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം അധികൃതര്‍അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ വെബ്സൈറ്റ് വഴി സ്വദേശികളില്‍ നിന്ന് പുതിയ അധ്യാപകര്‍ക്കുള്ള അപേക്ഷകള്‍ നേരത്തേ സ്വീകരിച്ചിരുന്നു.

അതിനിടെ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സയന്‍സ്, ടെക്നോളജി ജോലികളില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണ നിരക്ക് പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 2017 ജനുവരി 1 മുതല്‍ എല്ലാ തൊഴില്‍ വിഭാഗങ്ങളിലുമായി 2,048 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!