അബുദാബി: യുഎഇ റോഡുകളില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍ മാത്രമല്ല, കുറഞ്ഞ വേഗതയില്‍ വാഹനം ഓടിച്ചാലും പണി കിട്ടുമെന്ന മുന്നറിയിപ്പുമായി പോലിസ്. റോഡിലെ അതിവേഗ പാതയിലൂടെ കുറഞ്ഞ വേഗതയില്‍ വാഹനം ഓടിച്ചാലാണ് പിഴ കിട്ടുക. അങ്ങനെ മെല്ലെ പോയാല്‍ മതി എന്നുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ റോഡുകളിലെ അതിവേഗ പാതയില്‍ പ്രവേശിക്കരുതെന്ന് യുഎഇയിലെ പോലീസ് മുന്നറിയിപ്പ് നല്‍കി. അല്ലാത്ത പക്ഷം ട്രാഫിക് നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെടും. റോഡില്‍ അനുവദനീയമായ ഏറ്റവും ഉയര്‍ന്ന പരിധിയില്‍ വാഹനമോടിക്കുന്നവര്‍ മാത്രമാണ് ഹൈവേയിലെ ഏറ്റവും ഇടതുവശത്തുള്ള പാത ഉപയോഗിക്കേണ്ടതെന്നും പോലിസ് നിര്‍ദ്ദേശം നല്‍കി.
സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്ത ഒരു ആനിമേറ്റഡ് വീഡിയോയിലാണ്, അബൂദാബി പോലീസ് 140 കിലോമീറ്റര്‍ വേഗത പരിധിയുള്ള റോഡില്‍ എങ്ങനെ വാഹനം ഓടിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചിത്രീകരിച്ചത്. വേഗപരിധിക്ക് താഴെയായി വാഹനമോടിക്കുമ്പോള്‍ റോഡിലെ ഏറ്റവും ഇടതുവശത്തുള്ള പാത ഉപയോഗിക്കണം. പിറകില്‍ നിന്ന് മറ്റൊരു വാഹനം മറികടക്കാനായി വരുമ്പോള്‍, ഡ്രൈവര്‍ കണ്ണാടി പരിശോധിച്ച് വലതുവശത്തുള്ള ലെയ്‌നിലേക്ക് നീങ്ങണം. ”ഇടത് പാതയിലൂടെ പതുക്കെ വാഹനം ഓടിക്കരുത്. സാവധാനത്തില്‍ വാഹനമോടിക്കുമ്പോള്‍ വലത് പാതയില്‍ നില്‍ക്കണം. ഒപ്പം പിറകില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് വഴി നല്‍കുകയും വേണം- ബോധവല്‍ക്കരണ വീഡിയോയില്‍ പോലീസ് പറഞ്ഞു.
മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമാണ് അതിവേഗ പാതകളിലേക്ക് വാഹനം പ്രവേശിക്കാവൂ. അല്ലാത്ത സമയങ്ങളിലെല്ലാം അത് ഒഴിവാക്കി ഇടണമെന്ന് ദുബായ് പോലീസ് നേരത്തെ വിശദീകരിച്ചിരുന്നു. അതിവേഗ പാതകള്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കും ഓവര്‍ടേക്കിംഗിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായും പോലിസ് അറിയിച്ചു. ഹൈവേയില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ എല്ലായ്‌പ്പോഴും വലത് പാതയില്‍ വാഹനമോടിക്കണമെന്നും ദുബായ് പോലീസ് പറഞ്ഞു. യു എ ഇ ഹൈവേകളില്‍ വാഹനമോടിക്കുന്നവരോട് ‘വലത് വശത്തേക്ക് നില്‍ക്കുക, നിങ്ങളുടെ ഇടതുവശത്തുള്ള പാതകള്‍ ഉപയോഗിക്കാന്‍ വേഗതയേറിയ കാറുകളെ അനുവദിക്കുക’ എന്ന ബോധവല്‍ക്കരണ ബോര്‍ഡുകള്‍ റോഡ് സുരക്ഷാ വിഭാഗം സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വേഗതയേറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വഴി നല്‍കാതിരിക്കുന്നത് ട്രാഫിക് നിയമ ലംഘനമായി കണക്കാക്കപ്പെടു. ഇടതുവശത്തെ ഏറ്റവും വേഗമേറിയ പാതയിലൂടെ വാഹനമോടിക്കുന്നവര്‍ പരമാവധി വേഗപരിധിയില്‍ വാഹനമോടിക്കുകയാണെങ്കിലും എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കേണ്ടതുണ്ട്. പിറകില്‍ നിന്നോ ഇടതുവശത്തു നിന്നോ വരുന്ന വാഹനങ്ങള്‍ക്ക് വഴി നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഫെഡറല്‍ ട്രാഫിക് നിയമം പ്രകാരം 400 ദിര്‍ഹം പിഴ ചുമത്തും.
തെറ്റായ ഓവര്‍ടേക്കിംഗിന് 600 ദിര്‍ഹം പിഴ മുന്നിലുള്ള വാഹനത്തില്‍ നിന്ന് മതിയായ അകലം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 400 ദിര്‍ഹം പിഴയും നാല് നെഗറ്റീവ് ട്രാഫിക് പോയിന്റുകളും ലഭിക്കുമെന്നും പോലിസ് അറിയിച്ചു. യുഎഇയില്‍, വലതുവശത്ത് നിന്ന് മറികടക്കുന്നത് നിയമവിരുദ്ധമാണ്. തെറ്റായ ഓവര്‍ടേക്കിംഗ് 600 ദിര്‍ഹം പിഴയും ആറ് നെഗറ്റീവ് ട്രാഫിക് പോയിന്റുകളും ലഭിക്കാവുന്ന ട്രാഫിക് കുറ്റകൃത്യമാണ്. അതിവേഗ പാതയില്‍ വേഗത കുറഞ്ഞ വാഹനത്തെ മറികടക്കാന്‍ ആഗ്രഹിക്കുന്ന ഡ്രൈവര്‍മാര്‍ അതിനായി റോഡ് ഷോള്‍ഡര്‍ ഉപയോഗിക്കരുത്. 1,000 ദിര്‍ഹം പിഴയും ആറ് നെഗറ്റീവ് ട്രാഫിക് പോയിന്റുകളും ലഭിക്കുന്ന ഗുരുതരമായ കുറ്റമാണിതെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി.