അല്‍ഉല: അല്‍ ഉല റോയല്‍ കമ്മീഷന്‍ ഏരിയയില്‍ ട്രാവല്‍സുകള്‍ക്കും ടൂറിസം എന്റര്‍ടെയ്ന്‍മെന്റ് ഓഫീസുകള്‍ക്കും ലൈസന്‍സ് നല്‍കിത്തുടങ്ങിയതായി റോയല്‍ കമ്മീഷന്‍ അതോറിറ്റി അറിയിച്ചു.
അതോറിറ്റി ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അല്‍ ഉലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിനും പശ്ചാത്തല സേവനപ്രവര്‍ത്തന പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും വേണ്ടിയാണിത്.
വിഷന്‍-2030 ന്റെ ഭാഗമായി അല്‍ ഉലയുടെ സമഗ്രവികസനത്തിനാവശ്യമായ പദ്ധതികള്‍ പ്രഖ്യാപിച്ചതു മുതല്‍ കലവറയില്ലാത്ത പിന്തുണയാണ് ഭരണാധികാരികള്‍ നല്‍കുന്നതെന്ന് റോയല്‍ കമ്മീഷന്‍ അതോറിറ്റി പറഞ്ഞു. വിനോദയാത്രകളും പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും സഹായകമാകുന്ന തരത്തില്‍ അല്‍ ഉലയില്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സൗദി മന്ത്രിസഭ മുമ്പ് തന്നെ അംഗീകാരം നല്‍കിയിരുന്നു.
പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുക വഴി അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ രാജ്യത്തിന് പ്രമുഖ സ്ഥാനം നേടിയെടുക്കാനാകും. ട്രാവല്‍ ആന്റ് ടുറിസം മേഖലയില്‍ സര്‍വീസ് സെന്ററുകളും ഓഫീസുകളും തുറക്കാന്‍ താല്‍പര്യമുള്ളവരോട് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് റോയല്‍ കമ്മീഷന്‍ ആഹ്വാനം ചെയ്തു.