റിയാദ് – ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിലും വിൽപനാനന്തര സർവീസ് ലഭ്യമാക്കുന്നതിലും മറ്റു രാജ്യങ്ങളേക്കാൾ മുന്നിലാണ് എന്നും സൗദി അറേബ്യ. ഉപഭോക്താവാണ് യഥാർത്ഥ നേതാവ് എന്ന രീതിയിലാണ് സൗദിയിലെ സ്ഥാപനങ്ങൾ അവരുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നത്. ലോകത്തിലെ കാർ വിപണിയിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി.
കാർ ഉപഭോക്താവിന് ലഭ്യമാക്കേണ്ട സൗകര്യങ്ങളെ സംബന്ധിച്ച് സൗദി അറേബ്യയുടെ വാണിജ്യമന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ഒരാൾ കാർ വാങ്ങിയാൽ എന്തൊക്കെ കാരണങ്ങളാൽ അയാൾക്ക് പകരം പുതിയ കാർ ലഭ്യമാക്കണം, അല്ലെങ്കിൽ ഏജന്റിൽനിന്ന് സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാകേണ്ട അവസരങ്ങൾ ഏതൊക്കെ എന്നത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി.
സ്പെയർ പാർട്സുകളുടെ അഭാവം, വാഹനത്തിന്റെ വാറന്റിയിൽ അപാകത ഉണ്ടാകൽ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിശ്ചയിച്ച തീയതിയിൽ കാലതാമസമുണ്ടാകൽ എന്നീ അവസരങ്ങളിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകുകയോ സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാക്കുകയോ ചെയ്യണം.
വാറന്റി സമയത്ത് വാഹനത്തിന്റെ നിർമാണ തകരാർ കണ്ടെത്തുകയോ വാഹനത്തിൽ അപാകത കണ്ടെത്തുകയോ ചെയ്താൽ പ്രശ്‌നം പരിഹരിക്കാൻ ഏജന്റിനെ സന്ദർശിക്കാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.