റിയാദ് : വെഹിക്കിൾ രജിസ്‌ട്രേഷൻ അനുവദിച്ച് രണ്ടു വർഷത്തിനു ശേഷമാണ് ടാക്‌സികളും ബസുകളും മറ്റു പൊതുഗതാഗത വാഹനങ്ങളും ഫഹ്‌സുദ്ദൗരി എന്ന പേരിൽ അറിയപ്പെടുന്ന സാങ്കേതിക പരിശോധനക്ക് (മോട്ടോർ വെഹിക്കിൽ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ) ആദ്യമായി വിധേയമാക്കേണ്ടതെന്ന് ഫഹ്‌സുദ്ദൗരി അധികൃതർ പറഞ്ഞു. പിന്നീട് ഓരോ വർഷവും ഇത്തരം വാഹനങ്ങൾ സാങ്കേതിക പരിശോധനക്ക് വിധേയമാക്കണം. വ്യത്യസ്ത ഇനം വാഹനങ്ങൾക്കും അവയുടെ രജിസ്‌ട്രേഷൻ വ്യത്യാസത്തിനും അനുസരിച്ച് വാഹനങ്ങൾ സാങ്കേതിക പരിശോധനക്ക് വിധേയമാക്കേണ്ട കാലവും വ്യത്യസ്തമാണ്.
പുതിയ സ്വകാര്യ വാഹനങ്ങൾ രജിസ്‌ട്രേഷൻ അനുവദിച്ച് മൂന്നു വർഷത്തിനു ശേഷമാണ് ആദ്യമായി സാങ്കേതിക പരിശോധനക്ക് വിധേയമാക്കേണ്ടത്. പിന്നീട് ഓരോ വർഷവും പരിശോധനക്ക് വിധേയമാക്കണം. പരിശോധിച്ച് സാങ്കേതിക തകരാറുകളില്ലെന്ന് ഉറപ്പുവരുത്താൻ ഉടമ ആഗ്രഹിക്കുന്ന പക്ഷം ഏതു സമയത്തും വാഹന പരിശോധനാ കേന്ദ്രങ്ങൾ വാഹനങ്ങൾ സ്വീകരിക്കും.
നിർബന്ധിത വാഹന പരിശോധനയിൽ പരാജയപ്പെടുന്ന പക്ഷം രണ്ടു തവണ വീണ്ടും പരിശോധനക്ക് വിധേയമാക്കാൻ ഉടമക്ക് അവകാശമുണ്ട്. ആദ്യ പരിശോധനയിൽ പരാജയപ്പെടുന്ന പക്ഷം പതിനാലു പ്രവൃത്തി ദിവസത്തിനുള്ളിൽ വീണ്ടും വാഹനം പരിശോധനക്ക് വിധേയമാക്കും. ഇത്തരം സന്ദർഭങ്ങളിൽ കുറഞ്ഞ ഫീസ് എന്നോണം മൂല്യവർധിത നികുതി അടക്കം 37.95 റിയാലാണ് ഈടാക്കുക. പതിനാലു ദിവസത്തിനു ശേഷമാണ് വാഹനം വീണ്ടും പരിശോധനക്ക് വിധേയമാക്കുന്നതെങ്കിൽ യഥാർഥ പരിശോധനാ ഫീസ് ഈടാക്കുമെന്നും ഫഹ്‌സുദ്ദൗരി അധികൃതർ വ്യക്തമാക്കി.