അബഹ : കാലാവധി തീർന്ന ഉൽപന്നങ്ങൾ വിൽപന നടത്തുകയും വിൽപനക്ക് പ്രദർശിപ്പിക്കുകയും ചെയ്തതിന് സൗദി പൗരന് അസീർ ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഖമീസ് മുശൈത്തിൽ ഭക്ഷ്യവസ്തു വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം നടത്തുന്ന സഈദ് ഉമർ മുബാറക് അൽസൈഅരിക്കാണ് പിഴ. സ്ഥാപനത്തിൽ കണ്ടെത്തിയ കാലാവധി തീർന്ന ഉൽപന്നങ്ങൾ കണ്ടുകെട്ടി നശിപ്പിക്കാനും സ്ഥാപനം പത്തു ദിവസത്തേക്ക് അടപ്പിക്കാനും വിധിയുണ്ട്. സൗദി പൗരന്റെ പേരുവിവരങ്ങളും ഇദ്ദേഹം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകന്റെ ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 82 ബോട്ടിൽ ഇൻസ്റ്റന്റ് കോഫിയും തേയില പേക്കറ്റുകളും വിൽപനക്ക് പ്രദർശിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം സ്ഥാപന ഉടമയായ സൗദി പൗരനെതിരായ കേസ് പിന്നീട് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. വാണിജ്യ വഞ്ചനകൾ അടക്കം വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറിൽ ഏകീകൃത കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.