ദമാം-ദമാം എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബാഗേജ് പാക്കുകളുടെ അളവും തൂക്കവും എയര്‍പോര്‍ട്ട് അധികൃതര്‍ കര്‍ശനമാക്കി. ഇക്കാര്യത്തില്‍ എയര്‍ ലൈന്‍സ് കമ്പനികളെല്ലാം ടിക്കറ്റ് എടുക്കുന്ന സമയം തന്നെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്.
യാത്രക്കാരില്‍ പലരും അടുക്കും ചിട്ടയുമില്ലാതെ വാരി വലിച്ചു തുണികളിലും മറ്റു കാര്‍ട്ടനുകളിലും കെട്ടിയിരുന്ന ബാഗേജു പാക്കുകളാണ് അതിന്റെ പരിധി നിശ്ചയിച്ചു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെ ക്രമീകരണം വരുത്തിയത്. നിരവധി തവണ യാത്രക്കാരുടെ ബാഗേജുകള്‍ വിമാനങ്ങളിലേക്ക് നീക്കം ചെയ്യുന്ന കണ്‍വേയര്‍ ബെല്‍റ്റുകള്‍ പൊട്ടി നിശ്ചലമാവുകയും തുടര്‍ന്ന് വിമാനങ്ങള്‍ വൈകി പറക്കുകയും യാത്ര സംവിധാനങ്ങള്‍ തകരാറാവുകയും ചെയ്യുന്ന സാഹചര്യം കാരണമാണ് അധികൃതര്‍ കര്‍ശന തീരുമാനത്തിലെത്തിയത്.
ഓരോ ലഗേജും മുപ്പത്തിരണ്ട് കിലോയില്‍ കൂടാന്‍ പാടില്ല. കാര്‍ട്ടണുകള്‍ ആണെങ്കില്‍ 76 സെന്റീമീറ്റര്‍ നീളവും 51 സെന്റീമീറ്റര്‍ വീതിയും 31 സെന്റീമീറ്റര്‍ ഉയരവും മാത്രമേ പാടുള്ളൂ. ട്രോളി സ്യുട്ട്‌കേസുകള്‍, ബാഗുകള്‍ എന്നിവയാണെങ്കിലും ഇതേ അളവുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ബാഗേജുകളില്‍ വിടുന്ന ടെലിവിഷന്‍ 42 ഇഞ്ചില്‍ കൂടാന്‍ പാടില്ലെന്നുമാണ് ദമാം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദ്ദേശം.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് തന്നെ കര്‍ശന നിര്‍ദേശംനിലവില്‍ വന്നെങ്കിലും ഇപ്പോഴും ഇതറിയാതെ നിരവധി യാത്രക്കാര്‍ ദമാം എയര്‍പോര്‍ട്ടില്‍ എത്തുന്നുണ്ട്. പ്ലാസ്റ്റിക്കിലും ബ്ലാങ്കറ്റുകളിലും പൊതിഞ്ഞു വിരൂപമായ നിരവധി ബാഗേജുകള്‍ കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ നിന്നും തിരിച്ചയക്കുകയും പിന്നീട് കൃത്യമായ പാക്ക് ചെയ്തതിനു ശേഷമാണ് യാത്രക്കുള്ള അംഗീകാരം കൊടുത്തത്.
ബാഗേജുകള്‍ റീപാക്ക് ചെയ്യുന്നതിന് അമ്പതു റിയാല്‍ നിരക്കില്‍ എയര്‍ പോര്‍ട്ടിനു അകത്തു തന്നെ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ദൂരെ നിന്നും വരുന്ന പല ആളുകളും പണമില്ലാതെ ബുദ്ധിമുട്ടുന്നതായും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ ടിക്കറ്റ് എടുക്കുന്ന സമയം തന്നെ ട്രാവല്‍ എജന്‍സസികളും എയര്‍ ലൈന്‍സ് അധികൃതരും ശക്തമായ നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നല്‍കേണ്ടതുണ്ട്.