റിയാദ് : സൗദിയിലെ പെയ്ഡ് പാര്‍ക്കിംഗുകളില്‍ ആദ്യത്തെ ഇരുപതു മിനിറ്റ് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുന്ന നിലക്ക് പെയ്ഡ് പാര്‍ക്കിംഗുകള്‍ക്കുള്ള പുതിയ നിരക്കുകള്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം വൈകാതെ അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ട്. പെയ്ഡ് പാര്‍ക്കിംഗുകളില്‍ ഒരു മണിക്കൂര്‍ പാര്‍ക്കിംഗിന് ഈടാക്കുന്ന നിരക്ക് മൂന്നു റിയാലില്‍ കവിയരുതെന്ന വ്യവസ്ഥയും ബാധകമാക്കും. വികലാംഗര്‍ക്ക് നീക്കിവെക്കുന്ന പാര്‍ക്കിംഗുകള്‍ സൗജന്യമായിരിക്കണം. ഇവര്‍ക്ക് ഫീസുകളില്ലാതെ പാര്‍ക്കിംഗ് സേവനം നല്‍കണമെന്നും നിര്‍ദിഷ്ട വ്യവസ്ഥകള്‍ അനുശാസിക്കുന്നു. പെയ്ഡ് പാര്‍ക്കിംഗ് നടത്തിപ്പുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം തയാറാക്കിയ കരടു വ്യവസ്ഥകള്‍ അന്തിമമായി അംഗീകരിക്കുന്നതിനു മുമ്പായി ഇതേ കുറിച്ച അഭിപ്രായ, നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് രാജ്യത്തെ ചേംബര്‍ ഓഫ് കൊമേഴ്‌സുകളോട് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് ആവശ്യപ്പെട്ടു.
പെയ്ഡ് പാര്‍ക്കിംഗുകളില്‍ വികലാംഗര്‍ക്ക് നീക്കിവെക്കുന്ന പാര്‍ക്കിംഗുകളുമായി ബന്ധപ്പെട്ട അളവുകള്‍ നിക്ഷേപകര്‍ കര്‍ശനമായി പാലിക്കണം. പാര്‍ക്കിംഗുകളുടെ പ്രവേശന കവാടങ്ങളിലും എക്‌സിറ്റുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. പാര്‍ക്കിംഗ് പ്രവര്‍ത്തിപ്പിക്കുന്ന സമയത്തു മുഴുവന്‍ നിരീക്ഷകനെ നിയോഗിക്കണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. പ്രവേശന, എക്‌സിറ്റ് പ്രക്രിയകളും പാര്‍ക്കിംഗ് സമയവും നിയന്ത്രിക്കുന്നതിന് കംപ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംയോജിത ഇലക്‌ട്രോണിക് സംവിധാനം പാര്‍ക്കിംഗുകളില്‍ നിക്ഷേപകര്‍ ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്. എന്‍ട്രി ടിക്കറ്റ് സ്വീകരിച്ച് പണമടച്ച ശേഷം വാഹനങ്ങളെ അകത്തു പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിക്കുന്ന ഇലക്‌ട്രോണിക് ഗെയ്റ്റ് ഏര്‍പ്പെടുത്തലും നിര്‍ബന്ധമാണെന്ന് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം തയാറാക്കിയ പുതിയ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.