റിയാദ് – ലോകത്തെ ഏറ്റവും വലിയ ഡൗണ്ടൗണ് പദ്ധതി ന്യൂ അല്‍മുറബ്ബ എന്ന പേരില്‍ റിയാദില്‍ നടപ്പാക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് അറിയിച്ചു. തലസ്ഥാന നഗരിയുടെ പുതിയ മുഖമായി മാറുന്ന പദ്ധതി നടപ്പാക്കാന്‍ ന്യൂ അല്‍മുറബ്ബ ഡെവലപ്മെന്റ് കമ്പനിയെന്ന പേരില്‍ പുതിയ കമ്പനിക്ക് സമാരംഭം കുറിച്ചതായി കിരീടാവകാശി അറിയിച്ചു. വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ക്കനുസൃതമായി തലസ്ഥാന നഗരിയുടെ ഭാവി വികസിപ്പിക്കാന്‍ പുതിയ ഡൗണ്ടൗണ് പദ്ധതി സഹായകമാകും.
ഹരിത ഇടങ്ങള്‍, നടപ്പാതകള്‍, ആരോഗ്യ-കായിക ആശയങ്ങളും കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കല്‍ എന്നിവ അടക്കം ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിനെയും സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പ്രയോഗിക്കുന്നതിനെയും ന്യൂ മുറബ്ബ പദ്ധതി രൂപകല്പനകള്ക്ക് ആശ്രയിക്കുന്നു. നൂതനമായ ഒരു മ്യൂസിയം, സാങ്കേതിക-ഡിസൈന്‍ സര്‍വകലാശാല, ബഹുമുഖ ഉപയോഗത്തിനുള്ള തിയേറ്റര്‍, തത്സമയ പ്രകടനങ്ങള്‍ക്കും വിനോദത്തിനുമായി 80 ലേറെ പ്രദേശങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
വടക്കു പടിഞ്ഞാറന്‍ റിയാദില്‍ കിംഗ് സല്മാന്, കിംഗ് ഖാലിദ് റോഡുകള്‍ സന്ധിക്കുന്ന ഇന്റര്‍സെക്ഷനു സമീപം 19 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് പുതിയ ഡൗണ്ടൗണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടര കോടിയിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള നിര്‍മിതികള്‍ അടങ്ങിയ പദ്ധതിക്ക് ലക്ഷക്കണക്കിന് നിവാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകും. ഇവിടെ 1,04,000 പാര്‍പ്പിട യൂനിറ്റുകളും 9,000 ഹോസ്പിറ്റാലിറ്റി യൂനിറ്റുകളും 9,80,000 ചതുരശ്രമീറ്ററിലേറെ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന വ്യാപാര ഏരിയകളും 14 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഓഫീസ് സ്പേസും 6,20,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വിനോദ കേന്ദ്രങ്ങളും 18 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ കമ്മ്യൂണിറ്റി സ്ഥാപനങ്ങളുമുണ്ടാകും. ജീവിക്കാനും ജോലി ചെയ്യാനും വിനോദത്തിനും അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്ന പുതിയ പദ്ധതിയില്‍ ആഭ്യന്തര ഗതാഗത സൗകര്യങ്ങളുണ്ടാകും.
ഇവിടെ നിന്ന് എയര്‍പോര്‍ട്ടിലേക്ക് 20 മിനിറ്റ് കാര്‍ യാത്രാ ദൂരമാണുള്ളത്. റിയാദ് നഗരത്തിന്റെ ആഗോള സാംസ്കാരിക ചിഹ്നമെന്നോണം ന്യൂ അല്‍മുറബ്ബ പദ്ധതി പ്രദേശത്ത് 400 മീറ്റര്‍ ഉയരവും 400 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള ക്യൂബ് ഐക്കണ്‍ നിര്‍മിക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളില്‍ ഒന്നായി ഇത് മാറും. പുതിയ ഡൗണ്ടൗണ് പദ്ധതി മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 18,000 കോടി റിയാലോളം സംഭാവന ചെയ്യുകയും പ്രത്യക്ഷമായും പരോക്ഷമായും 3,34,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. 2030 ല്‍ പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്