NEWS - ഗൾഫ് വാർത്തകൾ SAUDI LAW - സൗദി നിയമങ്ങൾ സൗദിയിൽ മരുഭൂമിയിൽ യാത്ര ചെയ്യുന്നവരും മരുഭൂമിയിൽ ടെന്റടിച്ചിരിക്കുന്നവരും ഈ പാമ്പിനെ ശ്രദ്ധിക്കുക BY GULF MALAYALAM NEWS February 16, 2023 0 Comments 3.49K Views റിയാദ് – മണൽ തിട്ടകളും മരുഭൂമികളും ഇഷ്ടപ്പെടുന്ന സഞ്ചാരികൾ മണലിൽ ഒളിച്ചിരിക്കുന്ന അൽദഫാൻ പാമ്പുകളെ കരുതിയിരിക്കണമെന്ന് സൗദി ഫോട്ടോഗ്രാഫറും ബീശ ഫോട്ടോഗ്രാഫിക് ക്ലബ്ബ് സ്ഥാപകനുമായ സയ്യാഫ് മുഹമ്മദ് അൽശഹ്‌റാനി പറയുന്നു. മണൽപരപ്പിലൂടെയുള്ള യാത്രക്കിടെ ഓരോ കാൽചുവടുകളും ഏറെ കരുതലോടെ വേണം നടത്താൻ. മണലിനടിയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ എപ്പോഴാണ് ചവിട്ടുകയെന്ന് അറിയാൻ കഴിയില്ല. റുബ്ഉൽഖാലി മരുഭൂമിയിൽ ഇത്തരം പാമ്പുകളുടെ വലിയ സാന്നിധ്യമുണ്ട്. സയ്യാഫ് മുഹമ്മദ് അൽശഹ്‌റാനി മണൽ പാമ്പിന്റെ ദൃശ്യങ്ങൾ ക്യാമറ കണ്ണിലാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അൽദഫാൻ എന്ന പേരിലാണ് ഈ പാമ്പ് അറിയിപ്പെടുന്നത്. ക്ഷണനേരത്തിൽ മണലിൽ ആഴ്ന്നിറങ്ങി ശരീരം മറക്കാൻ കഴിവുള്ളതിനാലാണ് ഈ പാമ്പിന് അൽദഫാൻ എന്ന പേര് ലഭിച്ചത്. എന്നാൽ ഇത് വിഷ സർപ്പമല്ല. മനുഷ്യ ജീവന് ഇവ ഒരുവിധ ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്ന് 2012 മുതൽ ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്ന സയ്യാഫ് അൽശഹ്‌റാനി പറയുന്നു. മണലിൽ ആഴ്ന്നുകിടക്കുന്ന പാമ്പിന്റെ ശിരസ്സും വാലും ശരീരവുമൊന്നും എവിടെയാണെന്ന് തിരിച്ചറിയാൻ ആർക്കും കഴിയില്ല. ചില സമയങ്ങളിൽ മണലിനു മുകളിൽ കണ്ണുകൾ കാണത്തക്ക വിധമാണ് ഇവ കിടക്കുക. ഇതുകൊണ്ടു തന്നെ ഇത്തരം പാമ്പുകളെ കണ്ടെത്തുക ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചേടത്തോളം എളുപ്പമല്ല. അൽശഹ്‌റാനി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അൽദഫാൻ പാമ്പിന്റെ ഫോട്ടോകൾക്ക് നിരവധി ലൈക്കുകൾ ലഭിച്ചു. സർപ്പത്തിന്റെ രൂപത്തിലും റുബ്ഉൽഖാലി മരുഭൂമിയിൽ ഇവ കഴിയുന്ന സ്ഥലങ്ങളിലും സാമൂഹികമാധ്യമ ഉപയോക്താക്കൾ ആശ്ചര്യം പ്രകടിപ്പിച്ചു. അസീർ പ്രവിശ്യയിൽ പെട്ട ബീശ നിവാസിയായ സയ്യാഫ് അൽശഹ്‌റാനി നജ്‌റാൻ പ്രവിശ്യയിലെ ശറൂറയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നതും താമസിക്കുന്നതും. ജോലി സ്ഥലത്തിനും താമസസ്ഥലത്തിനും അടുത്തായതിനാൽ മരുഭൂമിയിലെ ഫോട്ടോകളാണ് സയ്യാഫ് അൽശഹ്‌റാനി കൂടുതലും എടുക്കുന്നത്. മരുഭൂപ്രകൃതിയെ മറ്റൊരു വീക്ഷണ കോണിലാണ് താൻ നോക്കിക്കാണുന്നതെന്ന് സയ്യാഫ് അൽശഹ്‌റാനി പറയുന്നു. മരുഭൂമിയും മണലും എന്ന ആശയം മിക്ക ആളുകളുടെയും മനസ്സുകളിൽ കടുത്ത ചൂട്, വരൾച്ച, പൊടി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ അതിനെ മറ്റൊരു വീക്ഷണ കോണിൽ നിന്നാണ് ഞാൻ നോക്കുന്നത്. അതായത്, സൂര്യാസ്തമയത്തിലും സൂര്യോദയത്തിലും സ്വർണ മണൽ നിറഞ്ഞ അതിന്റെ സൗന്ദര്യവും മൃതുത്വവും തന്നെ ആകർഷിക്കുന്നതായും സയ്യാഫ് അൽശഹ്‌റാനി പറയുന്നു. റുബ്ഉൽഖാലി മരുഭൂമിയിലെ ഭൂരിഭാഗം ജീവികളുടെയും ഫോട്ടോകളെടുക്കുന്ന ഒരു പര്യവേക്ഷണ യാത്ര നടത്താനാണ് സയ്യാഫ് അൽശഹ്‌റാനിയുടെ അടുത്ത പദ്ധതി.