ജിദ്ദ : തീര്‍ഥാടന നഗരിയായ മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ക്രെയിന്‍ തകര്‍ന്നു വീണ് 108 പേര്‍ മരിക്കാനിടയായ കേസില്‍ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് കുറ്റക്കാരാണെന്ന് മക്ക ക്രമിനല്‍ കോടതി കണ്ടെത്തി. കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് അശ്രദ്ധയും സുരക്ഷാ നിയമങ്ങളുടെ ലംഘനവും ഉണ്ടായതായി വിലയിരുത്തിയ മക്കയിലെ ക്രിമിനല്‍ കോടതി 20 മില്യണ്‍ റിയാല്‍ പിഴ ചുമത്തിയതായി സൗദി ഗസറ്റ് അറിയിച്ചു.
2015 സെപ്തംബര്‍ 11 ന് ഹറം വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ട ക്രെയിന്‍ തകര്‍ന്ന് നൂറിലേറെ പേരുടെ ജീവനെടുക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഹറം ക്രെയിന്‍ അപകടത്തിന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കോടതിയുടെ ഉത്തരവ്. അശ്രദ്ധയ്ക്കും സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനും ഏഴു പ്രതികള്‍ കുറ്റക്കാരാണെന്ന് മക്ക കോടതി കണ്ടെത്തി. ഈ പ്രതികളില്‍ മൂന്ന് പേര്‍ക്ക് ആറ് മാസം തടവും 30,000 റിയാല്‍ പിഴയും മറ്റ് നാല് പേര്‍ക്ക് മൂന്ന് മാസത്തെ തടവും 15,000 റിയാല്‍ പിഴയുമാണ് വിധിച്ചത്.
പതിവ് നടപടിക്രമങ്ങള്‍ക്കനുസൃതമായി സുപ്രീം കോടതിയില്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിച്ചില്ലെങ്കില്‍ വിധി അന്തിമമായി പരിഗണിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ, 2021 ഓഗസ്റ്റ് നാലിന് കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട മക്ക ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവച്ചിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ 2022 ജൂലൈയില്‍ സൗദി സുപ്രീം കോടതി മക്ക ക്രിമിനല്‍ കോടതി പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കുകയും കേസ് പുനപ്പരിശോധിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ക്രെയിന്‍ തകര്‍ന്ന കേസില്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച എല്ലാ വിധികളും റദ്ദാക്കാനായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. എല്ലാ കേസുകളും പുതിയ ജുഡീഷ്യല്‍ സര്‍ക്യൂട്ട് കോടതിപുനപ്പരിശോധിക്കണമെന്നും മുമ്പ് കേസ് പരിഗണിച്ച ജഡ്ജിമാരില്‍ ആരെയും സര്‍ക്യൂട്ട് കോടതിയില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി ഉത്തരവിടുകയുണ്ടായി. ഇതനുസരിച്ച് കേസ് വീണ്ടും പരിഗണിച്ച കോടതിയാണ് കേസില്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഹജ്ജിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ 2015 സെപ്റ്റംബര്‍ 11 വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തില്‍ മലയാളി ഹജ് തീര്‍ഥാടകര്‍ അടക്കം 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മക്കയിലെ ഹറമില്‍ നിര്‍മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന കൂറ്റന്‍ ക്രെയിനുകളിലൊന്നായിരുന്നു തകര്‍ന്നു വീണത്. ഇതിന് 200 മീറ്റര്‍ ഉയരവും 1350 ടണ്‍ ഭാരവുമുണ്ടായിരുന്നു. ശക്തമായ ചുഴലിക്കാറ്റില്‍ തകര്‍ന്നു വീണ ക്രെയിന്‍ ഹറം പരിസരത്ത് പ്രാര്‍ഥനയില്‍ മുഴുകിയവര്‍ക്കു മേലെ പതിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ സഊദി ബിന്‍ ലാദന്‍ കമ്പനിയിലെ എഞ്ചിനീയര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, തൊഴിലാളികള്‍ എന്നിവരടക്കം 170 പേരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍മൊഴിയെടുത്തിരുന്നു. എന്നാല്‍ കാലാവസ്ഥാ പ്രവചനത്തിലുണ്ടായ തെറ്റാണ് കാരണമെന്നും അന്ന് ശക്തമായ കാറ്റടിക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ വാദം. നേരത്തേ വിവിധ കോടതികള്‍ അംഗീകരിച്ച ആ വാദമാണ് പുതിയ ജുഡീഷ്യല്‍ സര്‍ക്യൂട്ട് കോടതി തള്ളിയിരിക്കുന്നത്.