റിയാദ്- ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്ക് ഏത് വിമാനത്താവളത്തിലും ഇറങ്ങാമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. സൗദി അറേബ്യയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ഉംറ വിസക്കാര്‍ക്ക് സൗദി അറേബ്യയിലെ ഏത് എയര്‍പോര്‍ട്ടിലേക്ക് വരാനും ഏത് എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചുപോവാനും അനുമതിയുണ്ടെന്നും എയര്‍ലൈനുകള്‍ ഇക്കാര്യം നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കുമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.
ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളത്തിലേക്ക് വരാനും എവിടെ നിന്ന് തിരിച്ചുപോകാനും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ട്രാവല്‍ ഏജന്റുമാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും എയര്‍ ഇന്ത്യ സര്‍ക്കുലറില്‍ അറിയിച്ചു.
ഉംറ വിസയില്‍ സൗദി അറേബ്യയിലെ ഏത് എയര്‍പോര്‍ട്ടിലേക്ക് വരാമെന്നും തിരിച്ചുപോവാമെന്നും നേരത്തെ സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചിരുന്നു. ഇതനുസരിച്ച് നാട്ടില്‍ നിന്ന് പലരും റിയാദിലേക്കും ദമാമിലേക്കും ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ സര്‍ക്കുലര്‍ ഇല്ലെന്ന് പറഞ്ഞ് എയര്‍ലൈനുകള്‍ ഉംറ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ജിദ്ദയിലേക്ക് മാത്രമാണ് ബോര്‍ഡിംഗ് പാസ് നല്‍കിയിരുന്നത്.
FLASH ഉംറ വിസയിൽ വരുന്നവർക്ക് ഇനി സൗദിയിലെ ഏത് എയർപോർട്ടിലും ഇറങ്ങാം പുതിയ സർക്കുലർ പുറത്തിറക്കി വേഷൻ അതോറിറ്റി
