ജിദ്ദ : സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് സർവീസ് മണിക്കും വെക്കേഷൻ സാലറിക്കും അർഹതയുണ്ടോ തുടങ്ങി നിരവധി സംശയങ്ങൾ പല പ്രവാസി സുഹൃത്തുക്കളും അറേബ്യൻ മലയാളിയുടെ ഇൻബോക്സിലൂടെ ഉന്നയിക്കുന്നുണ്ട്.
സൗദിയിൽ ഒരു ഗാർഹിക തൊഴിലാളിക്ക് ലഭിക്കേണ്ട അവകാശങ്ങൾ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
ഗാർഹിക തൊഴിലാളി നിയമ പ്രകാരം ഒരു ഗാർഹിക തൊഴിലാളിക്ക് ദിവസം ചുരുങ്ങിയത് 9 മണിക്കൂറെങ്കിലും വിശ്രമം അനുവദിച്ചിരിക്കണം.
തൊഴിലാളിയുടെ ശരീരത്തിനു ഹാനികരമാകുന്നതോ അഭിമാനത്തിനു ക്ഷതം വരുത്തുന്നതോ ആയ തൊഴിലുകൾ ചെയ്യിപ്പിക്കാൻ തൊഴിലുടമക്ക് അവകാശമില്ല.
തൊഴിൽ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ ഗാർഹിക തൊഴിലാളിക്ക് ആഴ്ചയിൽ ഒരു ദിവസം ലീവ് അനുവദിക്കേണ്ടതാണ്.
ഒരു വർഷത്തിൽ 30 ദിവസം വരെ സാലറിയോട് കൂടിയുള്ള രോഗാവധിക്ക് തൊഴിലാളി അർഹനാണ്. ഇതിനു മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
രണ്ട് വർഷം തുടർച്ചയായി ജോലി ചെയ്ത ഗാർഹിക തൊഴിലാളി കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു മാസത്തെ സാലറിയോട് കൂടെയുള്ള ലീവിനു അർഹനാണ്.
അതോടൊപ്പം തുടർച്ചയായ നാല് വർഷം ജോലി ചെയ്ത ശേഷം പിരിയുന്ന ഗാർഹിക തൊഴിലാളിക്ക് ഒരു മാസത്തെ ശമ്പളം സർവീസ് ബെനഫിറ്റ് ആയി ലഭിക്കാൻ അവകാശമുണ്ടെന്നും സൗദി തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.