മദീന: മൊബൈൽ രീതിയിൽ വാഹനങ്ങളിൽ കറങ്ങിയുള്ള പാചക വാതക സിലിണ്ടർ വിതരണം ഏതാനും നഗരസഭകൾ വിലക്കി. ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്കകത്തു വെച്ചു മാത്രമേ സിലിണ്ടർ വിൽപന പാടുള്ളൂ എന്ന് നഗരസഭകൾ വ്യക്തമാക്കി. മൊബൈൽ രീതിയിൽ സിലിണ്ടർ വിൽപന ക്രമീകരിക്കുന്ന നിയമാവലി പ്രാബല്യത്തിലില്ലാത്തതാണ് ഈ രീതിയിലുള്ള ഗ്യാസ് വിൽപന വിലക്കാൻ നഗരസഭകൾക്ക് പ്രേരകം.
വീടുകൾക്കും റെസ്റ്റോറന്റുകൾക്കും വാഹനങ്ങങ്ങളിൽ കറങ്ങി ഗ്യാസ് വിതരണം ചെയ്യരുതെന്ന് ഗ്യാസ് വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് മദീന നഗരസഭ ആവശ്യപ്പെട്ടു. മൊബൈൽ രീതിയിൽ സിലിണ്ടർ വിതരണത്തിന് മദീന നഗരസഭ ലൈസൻസ് അനുവദിക്കുന്നില്ല. ഈ രീതിയിലുള്ള ഗ്യാസ് വിതരണം ക്രമീകരിക്കുന്ന നിയമാലിയും പ്രാബല്യത്തിലില്ല. അതുകൊണ്ടു തന്നെ മൊബൈൽ ഗ്യാസ് വിതരണം ഒരുനിലക്കും അനുവദിക്കില്ലെന്നും മദീന നഗരസഭ പറഞ്ഞു.
മൊബൈൽ ഗ്യാസ് വിതരണം വിലക്കിയ മദീന നഗരസഭാ തീരുമാനത്തിൽ പ്രദേശവാസികൾ സമ്മിശ്ര പ്രതികരണം പ്രകടിപ്പിച്ചു. ശല്യപ്പെടുത്തുന്ന നിലക്ക് ശബ്ദങ്ങൾ പുറപ്പെടുവിച്ച് ജനവാസ കേന്ദ്രങ്ങളിലൂടെ ഗ്യാസ് വണ്ടികൾ ചുറ്റിക്കറങ്ങുന്നത് അവസാനിപ്പിക്കാനുള്ള മദീന നഗരസഭാ തീരുമാനത്തെ പിന്തുണക്കുന്നതായി ചിലർ പറഞ്ഞു. എന്നാൽ മൊബൈൽ രീതിയിലുള്ള ഗ്യാസ് വിതരണം തങ്ങൾക്ക് ഏറെ ഗുണകരമായിരുന്നെന്ന് മറ്റുള്ളവർ പറയുന്നു. ഗ്യാസ് സിലിണ്ടറുകൾ വീടുകൾക്കു മുന്നിലെത്തിക്കുന്ന വാഹനങ്ങളിലെ ജീവനക്കാർ സിലിണ്ടറുകൾ മുകളിൽ നിലകളിലുള്ള ഫഌറ്റുകളിൽ എത്തിച്ച് നൽകുന്നത് ഏറെ ആശ്വാസകരമാണ്. വലിയ തോതിൽ ഗ്യാസ് ഉപയോഗിക്കുന്ന റെസ്റ്റോറന്റുകൾക്ക് ആവർത്തിച്ച് സിലിണ്ടറുകൾ മാറ്റേണ്ടിവരും. ഇത്തരം സ്ഥാപനങ്ങൾക്കും മൊബൈൽ രീതിയിലുള്ള സിലിണ്ടർ വിതരണം ഏറെ അനുഗ്രഹമാണ്. സേവനം പാടെ വിലക്കുന്നതിന് പകരം മൊബൈൽ രീതിയിലുള്ള ഗ്യാസ് വിതരണ സേവനം മെച്ചപ്പെടുത്തുന്ന പുതിയ ക്രമീകരണങ്ങളും വ്യവസ്ഥകളും പ്രഖ്യാപിച്ച് നടപ്പാക്കുകയും ബദൽ പോംവഴികൾ കണ്ടെത്തുകയും വേണമെന്ന് ഇവർ നഗരസഭയോട് ആവശ്യപ്പെട്ടു.