റിയാദ്- സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ വെള്ളിയാഴ്ച വരെ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
തിങ്കള്‍ മുതല്‍ ബുധന്‍ വരെ ദിവസങ്ങളില്‍ തബൂക്ക്, ഉത്തര അതിര്‍ത്തി, അല്‍ജൗഫ്, അല്‍ഖസീം, റിയാദ്, മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയുടെ ചില ഭാഗങ്ങളിലും മക്ക, മദീന, അല്‍ജൗഫ്, തബൂക്ക്, ഉത്തരഅതിര്‍ത്തി, ഹായില്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ചൊവ്വ മുതല്‍ വെള്ളി വരെ മണിക്കൂറില്‍ 55 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
തബൂക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹായില്‍, മദീനയുടെ വടക്ക് ഭാഗം എന്നിവിടങ്ങളില്‍ വെള്ളി വരെ മഞ്ഞുവീഴ്ചയുണ്ടാകും. റിയാദ്, അല്‍ഖസീം കിഴക്കന്‍ പ്രവിശ്യയുടെ വടക്ക് ഭാഗം എന്നിവിടങ്ങളില്‍ താപനില നാലു മുതല്‍ ഒമ്പത് വരെ താഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.