അബുദാബി: തൊഴിലാളിയെ കൊണ്ടുവരുന്ന തൊഴിലുടമകൾ 3 നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം.
ഓഫർ ലെറ്റർ, തൊഴിൽ കരാർ, വർക്ക് പെർമിറ്റ് എന്നിവയാണ് പ്രധാനമായും വേണ്ടത്. വ്യാജ വിസ തട്ടിപ്പിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുന്നതിനാണ് നിയമം കർശനമാക്കുന്നത്.
പാസ്പോർട്ടിലേതിനു സമാനമായ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ എന്നിവയ്ക്കു പുറമേ തസ്തിക, ശമ്പളം, മറ്റു ആനുകൂല്യങ്ങൾ എന്നിവ ഓഫർ ലെറ്ററിൽ രേഖപ്പെടുത്തി ഉദ്യോഗാർഥിക്കു നൽകണം. ഒപ്പിട്ട് തിരിച്ചയച്ചാൽ അത് മന്ത്രാലയത്തിൽ സമർപ്പിച്ച് അംഗീകാരം തേടാം. മതിയായ ഫീസ് അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ലേബർ അപ്രൂവൽ ലഭിക്കും. ഇതുമായി എമിഗ്രേഷനിലെത്തി അപേക്ഷ നൽകിയാൽ തൊഴിലാളിക്ക് രാജ്യത്തേക്കു പ്രവേശിക്കാൻ 2 മാസ കാലാവധിയുള്ള എൻട്രി പെർമിറ്റ് ലഭിക്കും. എൻട്രി പെർമിറ്റ് ഇഷ്യൂ ചെയ്ത് 60 ദിവസത്തിനകം തൊഴിലാളി രാജ്യത്ത് ഇറങ്ങണം.
തൊഴിലാളിയെ കൊണ്ടുവരാനുള്ള വീസ, ടിക്കറ്റ് ചെലവുകൾ കമ്പനി ഉടമയാണ് വഹിക്കേണ്ടത്. തൊഴിലാളി രാജ്യത്ത് എത്തിയാൽ തൊഴിൽ കരാർ തയാറാക്കി കമ്പനി ഉടമയും തൊഴിലാളിയും അംഗീരിച്ച് ഒപ്പിടണം. വീസയ്ക്ക് മുൻപുള്ള മെഡിക്കൽ പരിശോധനയും പൂർത്തിയാക്കണം. മെഡിക്കൽ പാസായാൽ തൊഴിൽ വീസ, എമിറേറ്റ്സ് ഐഡി, ലേബർ കാർഡ് എന്നീ നടപടികൾ പൂർത്തിയാക്കിയാൽ വർക്ക് പെർമിറ്റ് ലഭിക്കും. ഇതോടെ ഔദ്യോഗികമായി ജോലി ചെയ്യാൻ അനുമതിയായി. തൊഴിൽ വീസയിൽ എത്തുന്നവർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കുന്നതിനും വിരോധമില്ല. 2 മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതി.
തൊഴിൽ കരാർ അറബിക്, ഇംഗ്ലിഷ് ഭാഷയിലായിരിക്കണം. ഉദ്യോഗാർഥിക്കു മനസ്സിലാകുന്ന മലയാളം, ഹിന്ദി, ഉറുദു, തമിഴ്, ബംഗാളി, ചൈനീസ്, ദാരി, നേപ്പാളീസ്, സിംഹള എന്നീ 9 ഭാഷകളിൽ ഏതെങ്കിലും ഒരു ഭാഷയിലേക്കു വിവർത്തനം ചെയ്തു നൽകണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. സന്ദർശക വീസയിലുള്ള വിദേശിയെ റിക്രൂട്ട് ചെയ്യണമെങ്കിലും മേൽപറഞ്ഞ നടപടിക്രമങ്ങൾ പൂർത്തിയാക്കണം