ദുബൈ: യുഎഇയിൽ റമസാനിലെ ആദ്യ ദിനം വിശ്വാസികൾ 13 മണിക്കൂറിലേറെ നോമ്പെടുക്കേണ്ടിവരും. ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രാർഥനാ സമയ പട്ടികയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, റമസാൻ മാർച്ച് 23 ന് ആരംഭിക്കും, അന്ന് ഫജ്ർ (പ്രഭാത) നമസ്കാരം 5.02 ന് ആയിരിക്കും. മഗ് രിബ് നമസ്കാരം (സൂര്യാസ്തമയം) വൈകിട്ട് 6.35 നും. ആകെ ഉപവാസ സമയം 13 മണിക്കൂർ 33 മിനിറ്റ്. ഏപ്രിൽ 20 ന് പ്രതീക്ഷിക്കുന്ന മാസാവസാനത്തോടെ ഫജർ നമസ്കാരം പുലർച്ചെ 4.31 നും മഗ് രിബ് 6.47 നും ആയിരിക്കുമെന്നതിനാൽ നോമ്പ് സമയം 14 മണിക്കൂർ 16 മിനിറ്റായി വർധിക്കും.
കഴിഞ്ഞ വർഷം റമസാനിലെ ആദ്യ ദിനത്തിലെ നോമ്പ് 13 മണിക്കൂറും 48 മിനിറ്റും നീണ്ടുനിന്നു, 14 മണിക്കൂർ 33 മിനിറ്റായിരുന്നു അവസാന ദിവസം. വിശുദ്ധ മാസം ഒന്നുകിൽ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും, ചന്ദ്രനെ കാണാനുള്ള സമിതി അതിന്റെ തുടക്കവും അവസാനവും നിർണയിക്കുന്നു. ഈ വർഷം നോമ്പ് സമയം കുറവായിരിക്കുമെന്ന് മാത്രമല്ല, പുണ്യമാസം വസന്തകാലത്തിന്റെ തുടക്കത്തിലായതിനാൽ വളരെ തണുപ്പായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു