ദോഹ : ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിയിൽ ചേർന്ന വാരാന്ത്യ മന്ത്രിസഭാ യോഗമാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്.
സ്വകാര്യ മേഖലയിലെ തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ, പ്രത്യേകാവകാശങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകളും മന്ത്രിസഭ അംഗീകരിച്ച കരട് നിയമത്തിലുണ്ട്.
കരട് വ്യവസ്ഥകൾ അനുസരിച്ച്, തൊഴിൽ മന്ത്രിയുടെ നിർദേശത്തെ അടിസ്ഥാനമാക്കി ഓരോ തൊഴിൽ മേഖലകളിലെയും ദേശസാൽകൃത ജോലികൾ നിർണയിക്കുകയെന്ന് യോഗത്തിന് ശേഷം കാബിനറ്റ് കാര്യ സഹമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ മേഖലയിൽ ദേശസാൽക്കരണ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് നൽകാവുന്ന പ്രോത്സാഹനങ്ങൾ, സ്ഥാപനങ്ങളിലെ ഖത്തറി തൊഴിലാളികൾക്ക് അനുവദിച്ചേക്കാവുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങളിലും തൊഴിൽ മന്ത്രാലയം നിർദേശങ്ങൾ സമർപ്പിക്കും.
തുർക്കി, സിറിയ പ്രദേശങ്ങളെ ബാധിച്ച വിനാശകരമായ ഭൂകമ്പത്തിന്റെ ഇരകൾക്കായി സർക്കാരിനോടും തുർക്കിയിലെ ജനങ്ങളോടും സിറിയൻ ജനതയോടും മന്ത്രിസഭാ യോഗം ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.