ദോഹ- 40 വയസ്സ് തികഞ്ഞവർക്കും ചുരുങ്ങിയത് പത്തു വർഷമെങ്കിലും ഖത്തറിൽ താമസമാക്കിയവരുമായ വിദേശികൾക്കേ ഈ വർഷം ഹജിന് അപേക്ഷിക്കാനാകൂ. ഹജ് പെർമിറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അവരുടെ രണ്ട് ഡോസ് കോവിഡ്-19 വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും തീർഥാടകർ ഒന്നാമത്തെയും രണ്ടാമത്തെയും കുത്തിവെപ്പ് തീയതികൾ പ്രഖ്യാപിക്കുകയും വാക്‌സിനേഷൻ എടുത്തതിന്റെ തെളിവ് അപേക്ഷയോടൊപ്പം നൽകുകയും ചെയ്യണമെന്നും എൻഡോവ്‌മെന്റ് ആൻഡ് ഇസ് ലാമിക് അഫയേഴ്‌സ് (ഔഖാഫ്) മന്ത്രാലയത്തിലെ ഹജ്, ഉംറ വകുപ്പ് അറിയിച്ചു.
ഖത്തറിലെ പ്രവാസികളുടെ പ്രായം 40 വയസ്സിൽ കുറയാത്തതായിരിക്കണമെന്നും ഖത്തറിൽ 10 വർഷം താമസിക്കണമെന്നും വകുപ്പ് വ്യവസ്ഥ ചെയ്തു. എന്നാൽ ഖത്തർ പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന ജി.സി.സി നിവാസികൾക്കും 18 വയസ്സാണ് മിനിമം പ്രായം. അപേക്ഷകർ അവരുടെ ഫോൺ നമ്പർ സഹിതം ഒമഷഷ.ഴീ്.ൂമ എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റ് 2023 ഫെബ്രുവരി 12 ഞായറാഴ്ച രാവിലെ 8 മണിക്ക് അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങും.
മാർച്ച് 12 വരെ ഒരു മാസം മുഴുവനും അപേക്ഷ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് ഒരാഴ്ച മുതൽ പത്തു ദിവസത്തിനകം ഫലങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.