അബഹ – നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കിയ ഇന്ത്യക്കാരന്‍ അടക്കം മൂന്നു വിദേശികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരായ രണ്ടു എത്യോപ്യക്കാരെ വാഹനത്തില്‍ കടത്തുന്നതിനിടെയാണ് അസീര്‍ പ്രവിശ്യയില്‍ വെച്ച് ഇന്ത്യക്കാരന്‍ പ്രത്യേക ദൗത്യസേനയുടെ പിടിയിലായത്. നുഴഞ്ഞുകയറ്റക്കാരായ അഞ്ചു എത്യോപ്യക്കാര്‍ക്ക് താമസ സൗകര്യം നല്‍കിയ മറ്റൊരു സുഡാനിയെയും അസീര്‍ പ്രവിശ്യയില്‍ വെച്ച് പ്രത്യേക ദൗത്യസേന അറസ്റ്റ് ചെയ്തു.
സ്വന്തം നാട്ടുകാരായ അഞ്ചു നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കിയ മറ്റൊരു യെമനി ജിസാന്‍ പ്രവിശ്യയില്‍ പെട്ട ആരിദയില്‍ വെച്ചും അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാരെ വാഹനത്തില്‍ കടത്തുന്നതിനിടെ യെമനി സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ നല്‍കിയ മൂന്നു പേരും നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്നവരാണ്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്താന്‍ നുഴഞ്ഞുകയറ്റക്കാരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിനും വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി അസീര്‍ പോലീസും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗവും അറിയിച്ചു.