ദുബായ് – രാജ്യത്തിന് പുറത്തുള്ള താമസക്കാര്‍ക്ക് എല്ലാത്തരം യു.എ.ഇ വിസകളുടെയും സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ മാത്രം നീട്ടാനുള്ള സംവിധാനം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, നാഷനാലിറ്റി, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി സ്മാര്‍ട്ട് ചാനലുകളിലൂടെ ആരംഭിച്ചു.
രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് മാത്രമേ സന്ദര്‍ശകര്‍ക്ക് ഇത് ചെയ്യാന്‍ കഴിയൂവെന്നും ഐസിപി അധികൃതര്‍ പറഞ്ഞു. സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് 100 ദിര്‍ഹം, അപേക്ഷാ ഫോമിന് 50 ദിര്‍ഹം, അതോറിറ്റിക്കും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഇലക്ട്രോണിക് സേവനങ്ങള്‍ക്കും 50 ദിര്‍ഹം എന്നിവയുള്‍പ്പെടെ 200 ദിര്‍ഹമാണ് വിസയുടെ സാധുത നീട്ടുന്നതിനുള്ള ഫീസ്. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് മൂന്ന് മാസത്തില്‍ കുറയാത്ത സാധുതയുള്ളതായിരിക്കണം. കൂടാതെ, എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നതിന് അവര്‍ യു.എ.ഇയില്‍ ആയിരിക്കരുത്. അപേക്ഷകര്‍ക്ക് ഐ.സി.പി വെബ്‌സൈറ്റ് വഴിയും യു.എ.ഇ പാസ് അല്ലെങ്കില്‍ യൂസര്‍നെയിം വഴിയും തങ്ങളുടെ വിസയുടെ സാധുത നീട്ടാനാകും. ആവശ്യമായ ഡാറ്റ പൂരിപ്പിച്ച്, മതിയായ രേഖകള്‍ അറ്റാച്ച് ചെയ്ത് ഫീസ് അടച്ചതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വഴി സ്ഥിരീകരണം ലഭിക്കും.