ദുബായ് – ദുബായ് ആസ്ഥാനമായുള്ള വ്യാപാര കമ്പനികള്‍ വഴി റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഭൂരിഭാഗവും യുഎസ് ഡോളറിന് പകരം യുഎഇ ദിര്‍ഹത്തില്‍ ഇടപാട് തുടങ്ങി. മോസ്‌കോയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യ അംഗീകരിക്കാത്തതിനാല്‍ റഷ്യയുമായി ഇന്ത്യന്‍ കമ്പനികള്‍ എണ്ണയിടപാട് നടത്തിവരുന്നുണ്ട്.
ഉക്രെയില്‍ അധിനിവേശം കാരണം റഷ്യക്കുമേല്‍ ശിക്ഷാ നടപടികള്‍ നിലവിലുള്ളതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പണമിടപാട് കൈകാര്യം ചെയ്യുന്നത്. ഡിസംബറില്‍ ഗ്രൂപ്പ് ഓഫ് സെവനും ഓസ്‌ട്രേലിയയും ഏര്‍പ്പെടുത്തിയ പരിധിയേക്കാള്‍ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുകയാണെങ്കില്‍ ഡോളറില്‍ ഇടപാടുകള്‍ നടത്താനാകാത്തതില്‍ ഇന്ത്യയിലെ വ്യാപാരികളും റിഫൈനറി കമ്പനികളും ആശങ്കയിലായിരുന്നു. ഇതു കാരണമാണ് ഇന്ത്യന്‍ വ്യാപാരികള്‍ ബദല്‍ മാര്‍ഗം സ്വീകരിച്ചത്. പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് മറുപടിയായി ഡോളര്‍ ഉപയോഗം കുറക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്ത് പകരും.
നേരത്തെ റഷ്യയില്‍ നിന്ന് എണ്ണയിടപാട് നടത്തിയപ്പോള്‍ ഇന്ത്യന്‍ റിഫൈനറി കമ്പനികള്‍ ദുബായ് ബാങ്കുകള്‍ വഴി ദിര്‍ഹം നല്‍കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ഇപ്പോള്‍ എമറാത്തി ദര്‍ഹമാണ് എണ്ണയിടപാടിന് ഉപയോഗിക്കുന്നതെന്ന് വാര്‍്ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.