ദുബായ് : കുറഞ്ഞത് 50 ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ 2023 ജൂലൈ ഒന്നിനകം തങ്ങളുടെ തൊഴില്‍ ശക്തിയുടെ മൂന്ന് ശതമാനം സ്വദേശികളാണെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യവിഭവ, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഗവണ്‍മെന്റിന്റെ എമിറേറ്റൈസേഷന്‍ പദ്ധതിയുടെ ഭാഗമായി യുഎഇയിലെ തൊഴിലുടമകള്‍ വര്‍ഷാവസാനത്തോടെ നാലു ശതമാനം എന്ന ലക്ഷ്യം കൈവരിക്കണമെന്ന് നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വര്‍ഷാവസാനം ആകുമ്പോഴേക്ക് നാലും ശതമാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പകരം വര്‍ഷം പകുതി പിന്നിടുമ്പോള്‍ മൂന്ന് ശതമാനവും വര്‍ഷാവസാനം നാലു ശതമാനവും എന്ന രീതിയിലേക്ക് മാറ്റിയിരിക്കുകായണ്അധികൃതര്‍. ഇതുവഴി സ്വദേശികളുടെ തൊഴില്‍ പ്രാതിനിധ്യ നിരക്ക് 2024ല്‍ ആറ് ശതമാനമായും 2025ല്‍ എട്ട് ശതമാനമായും 2026ല്‍ 10 ശതമാനമായും ഉയര്‍ത്തും.
കഴിഞ്ഞ വര്‍ഷമാണ് സ്വകാര്യ കമ്പനികളില്‍ രണ്ട് ശതമാനം സ്വദേശികളെ ജീവനക്കാരായി നിയമിക്കണമെന്ന നിയമം യുഎഇ കൊണ്ടുവന്നത്. അതിനു ശേഷമുള്ള ഓരോ വര്‍ഷവും രണ്ട് ശതമാനം എന്ന തോതില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു നേരത്തേ നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇതില്‍ പുതിയ ഭേദഗതി വരുത്തിയിരിക്കുകയാണ് യുഎഇ മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനംകൈക്കൊണ്ടത്. ഇതു പ്രകാരം ഓരോ ആറു മാസത്തിലും ഒരു ശതമാനം എന്ന തോതില്‍ നിരക്ക് വര്‍ധിപ്പിക്കണം. ഇക്കാര്യം സ്വകാര്യ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സ്വദേശിവല്‍ക്കരണ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായുള്ള നിയമനങ്ങള്‍ വര്‍ഷാവസാനത്തേക്ക് മാറ്റിവയ്ക്കുന്നത് തുടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. സ്ഥാപനങ്ങളിലെ നൈപുണ്യമുള്ള ജോലി ആവശ്യമായ തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത. ഫ്രീ സോണുകളിലെ കമ്പനികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എന്നിരുന്നാലും, പദ്ധതിയില്‍ പങ്കെടുക്കാന്‍ മന്ത്രാലയം അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
അതേസമയം, യുഎഇയില്‍ സ്വകാര്യ കമ്പനികളിലെ സ്വദേശിവല്‍കരണത്തിന്റെ നിശ്ചിത തോത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ജൂലൈയില്‍ തന്നെ അര്‍ദ്ധ വാര്‍ഷിക പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വദേശിവല്‍കരണം ഓരോ ആറ് മാസത്തിലും 1 ശതമാനം വീതം പൂര്‍ത്തിയാക്കി വര്‍ഷാവസാനത്തോടെ 2 ശതമാനം എന്ന ലക്ഷ്യം കൈവരിക്കണമെന്നാ പുതിയ ഭേതഗതിയെ തുടര്‍ന്നാണ് ആറു മാസം കൂടുമ്പോള്‍ തന്നെ പിഴയും ഈടാക്കാനുള്ള തീരുമാനം. നിര്‍ണയിച്ച ലക്ഷ്യങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഈ വര്‍ഷം ജൂലൈ ഒന്നോടെ നിയമിക്കാത്ത ഓരോ യുഎഇ പൗരനും 7,000 ദിര്‍ഹം വീതം പിഴ ചുമത്തും. ലക്ഷ്യം കൈവരിക്കാത്തവര്‍ക്ക് നിലവിലെ പിഴവര്‍ധിപ്പിച്ചിട്ടില്ലെങ്കിലും എന്നാല്‍ ഓരോ ആറ് മാസം കൂടുമ്പോഴും പിഴ ഈടാക്കുമെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. 2023-ല്‍ 4 ശതമാനത്തില്‍ എത്താന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ ജോലിക്കെടുക്കാത്ത ഓരോ സ്വദേശിക്കും വര്‍ഷാവസാനത്തോടെ 84,000 ദിര്‍ഹം പിഴ നല്‍കണമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2026-ല്‍ ഇത് ഒരു തൊഴിലാളിക്ക് 120,000 ദിര്‍ഹമായി ഉയരും.
ഇതു പ്രകാരം 50 ജീവനക്കാരോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്പനികള്‍ ഈ വര്‍ഷം ജൂലൈയോടെ മൂന്നു ശതമാനവും ഡിസംബറോടെ നാലു ശതമാനവുമായി സ്വദേശി തൊഴിലാളികളുടെ എണ്ണം ഉയര്‍ത്തേണ്ടി വരും. എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പുതിയ സംവിധാനത്തില്‍ ഭേദഗതികള്‍ വരുത്തിയതായി മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി ഡോ. അബ്ദുള്‍ റഹ്മാന്‍ അല്‍ അവാര്‍ ആണ് വ്യക്തമാക്കിയത്. സ്വകാര്യ മേഖലയിലെ എമിറേറ്റൈസേഷന്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ യുഎഇ കാബിനറ്റ്, നഫീസ് സംരംഭങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് തീരുമാനവും പുറപ്പെടുവിച്ചു.യുഎഇയുടെ സ്വകാര്യ മേഖലയില്‍ ഇപ്പോള്‍ 50,000 സ്വദേശികള്‍ ജോലി ചെയ്യുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 28,000 ജീവനക്കാരുടെ വര്‍ധനവാണ് ഈ മേഖലയില്‍ ഉണ്ടായത്.
എമിറാത്തി പ്രതിഭകളെ പിന്തുണയ്ക്കുന്നതിന് മുന്‍ഗണന നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. സ്വദേശികളായ ജനങ്ങള്‍ക്ക് മാന്യമായ ജീവിതം പ്രദാനം ചെയ്യുന്നതിനും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അവര്‍ക്ക് ലഭ്യമായ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള രാഷ്ട്ര നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് വലിയ വിജയമാണെന്ന് പദ്ധതി നേടിയെടുത്ത മാതൃകാപരമായ ഫലങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ സ്വകാര്യമേഖല ഒരു വിശ്വസനീയമായ പങ്കാളിയായി സ്വയം തെളിയിച്ചിട്ടുണ്ട്. പുതിയ ഭേദഗതികള്‍ നിലവിലുള്ള സഹകരണത്തില്‍ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിത എമിറേറ്റൈസേഷന്‍ ക്വാട്ട ഇതിനകം കവിഞ്ഞ കമ്പനികള്‍ക്ക് വളര്‍ച്ച നിലനിര്‍ത്താന്‍ സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 9,293 കമ്പനികള്‍ ഈ വര്‍ഷം അവരുടെ ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ട്. 50,000-ലധികം എമിറേറ്റികള്‍ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു, ‘നഫീസ്’ പരിപാടി ആരംഭിച്ചതിന് ശേഷം 28,700 പേരാണ് പുതുതായി ജോലിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.