എഞ്ചിനീയറിങ് കൗൺസിൽ സർട്ടിഫിക്കറ്റും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാണ്
റിയാദ്: തവക്കൽനയിൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകളും ഇനി ഡിജിറ്റൽ രൂപത്തിൽ.തവക്കൽന ഖിദ്മാതിലാണ് വിവിധ ഡിജിറ്റൽ ഡോക്യുമെന്റിനൊപ്പം വിവിധ തലത്തിലുള്ള അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകളും ലഭ്യമാക്കിയത്. വിവിധ അക്രഡിറ്റേഷൻ വിഭാഗത്തിലും രജിസ്റ്റർ ചെയ്ത് അപ്രൂവൽ ലഭിച്ചവർക്ക് ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഇപ്പോൾ തവക്കൽന ആപ്ലിക്കേഷനിൽ ലഭ്യമാണ്.
സഊദി എഞ്ചിനീയറിങ് കൗൺസിലിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് തങ്ങളുടെ രജിസ്ട്രേഷൻ ഡിജിറ്റൽ ഐ ഡി ഇപ്പോൾ ആപ്ലിക്കേഷനിൽ കാണാനാകും. ഒക്യൂപഷണൽ ഡോക്യുമെന്റ്സിലാണ് ഡിജിറ്റൽ കാർഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൊഫഷണൽ അക്രഡിറ്റേഷൻ കാർഡിൽ മെബർഷിപ്പ് നമ്പറും എക്സ്പയറി തിയ്യതിയും ഉൾകൊള്ളുന്ന ഡിജിറ്റൽ കാർഡ് ആണ് ഡിജിറ്റൽ ഇഖാമ, ഡിജിറ്റൽ ലൈസൻസ് എന്നിവക്കൊപ്പം ചേർത്തത്. ഇഖാമയിലെ ഫോട്ടോ ചേർത്തുള്ള ഐ ഡിയിൽ പ്രൊഫഷനും ടെക്നീഷ്യൻ, എഞ്ചിനീയർ കാറ്റഗറിയും ചേർത്തിട്ടുണ്ട്.
തവക്കൽനയിൽ മറ്റു ഡിജിറ്റൽ ഐഡി കൾക്കൊപ്പം ഇടം നേടിയ എഞ്ചിനീയറിങ് കൗൺസിൽ അക്രഡിറ്റേഷൻ ഡിജിറ്റൽ ഐഡി
തവക്കൽനയിൽ നിലവിൽ ഡിജിറ്റൽ ഇഖാമക്ക് പുറമെ ലൈസൻസ്, വാഹനങ്ങളുടെ ഇസ്തിമാറ തുടങ്ങിയ ഗവണ്മെന്റ് ഐഡി കൾ നേരത്തെ തന്നെ ഇടം നേടിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഇപ്പോൾ അക്രഡിറ്റേഷൻ കാർഡുകളും ഡിജിറ്റലായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവണ്മെന്റ് തലത്തിൽ ഡിജിറ്റൽ വത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവാസികളുടെ റസിഡൻസി പെർമിറ്റ് (ഇഖാമ) പുതുക്കിയാൽ ഇനി മുതൽ ഇഖാമ കാർഡ് കൈവശം വെക്കേണ്ടതില്ലെന്നും പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും ഇഖാമ പുതുക്കിയാൽ അതിന്റെ ഹാർഡ് കോപ്പി കൈവശം വയ്ക്കുന്നതിന് പകരം സ്മാർട്ട് ഫോണിൽ ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാമെന്നും പ്രിന്റ് എടുക്കാൻ ജവാസാത്ത് ഓഫീസ് സന്ദർശിക്കേണ്ടതില്ലെന്നും ജവാസാത്ത് കഴിഞ്ഞയാഴ്ച്ച അറിയിച്ചിരുന്നു.