കുവൈറ്റ് സിറ്റി:രാജ്യത്തേക്കെത്തുന്ന വിദേശികളുടെ പ്രവേശന നടപടികള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക വഴി വ്യാജ വിസകളും വിസ കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെ പുതിയ വിസാ ആപ്ലിക്കേഷനുമായി കുവൈറ്റ് അഭ്യന്തര മന്ത്രാലയം. രാജ്യത്തേക്കുള്ള തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് വിസ ആപ്പ് അവതരിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കുവൈറ്റ് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്ററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്ത് വിസ ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹ് അറിയിച്ചു. ഇതോടെ കുവൈറ്റിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എന്‍ട്രി വിസയുടെ സാധുത ഉറപ്പ് വരുത്താന്‍ സാധിക്കും. ഈയിടെ രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച ‘ജനസംഖ്യാശാസ്ത്രവും തൊഴില്‍ വിപണി വികസനവും’ എന്ന സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനം ശെയ്ഖ് തലാല്‍ അല്‍ ഖാലിദ് പ്രഖ്യാപിച്ചത്. വിദേശ തൊഴിലാളികളുടെ സ്മാര്‍ട്ട് ഐഡന്റിറ്റി മൈ ഐഡന്റിറ്റി ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യവും വിസ ആപ്ലിക്കേഷനു പിന്നിലുണ്ട്.
പുതിയ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ വ്യാജ രേഖകള്‍ ഉപയോഗിച്ച് രാജ്യത്തേക്ക് വരുന്നവരെയും വ്യാജ വിസകള്‍ വഴി രാജ്യത്തെത്തുന്നവരെയും തടയാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം ക്രിമിനല്‍ പശ്ചാത്തലങ്ങളോ പകര്‍ച്ചവ്യാധികളോ ഉള്ളവരുടെ പ്രവേശനം തടയുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് എംപ്ലോയീസ് ഐഡിയും അവതരിപ്പിക്കുമെന്ന് അഭ്യന്തര മന്ത്രി വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.