തായിഫ്- സൗദിയിൽ അമുസ്ലിംകൾക്കായി കൂടുതൽ ശ്മശാനങ്ങളൊരുക്കാൻ സൗദി മുനിസിപ്പൽ ആന്റ് റൂറൽ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് മന്ത്രാലയം നിർദ്ദേശം. അതാത് ഗവർണറേറ്റുകളിലെ മേയർമാരോടാണ് മന്ത്രാലയം ഇക്കാര്യം നിർദ്ദേശിച്ചത്. സൗദിയിൽ പ്രവാസികളായിരിക്കെ മരിക്കുന്നവരുടെ മരണാനന്തര ചടങ്ങുകൾ ഇതോടെ കൂടുതൽ ലളിതമാകും. നിലവിൽ അമുസ്്‌ലിംകൾക്ക് പരിമിതമായ ശ്മശാന സൗകര്യങ്ങളാണുള്ളത്. ജിദ്ദ ഗവർണറേറ്റിൽ തീരെ ചെറിയ ശ്മശാനമാനുള്ളത്. ഇത് സംസ്‌കാര നടപടികളുടെ മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ട്. മുസ്്‌ലിം ശ്മശാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ശ്മശാനങ്ങൾക്ക് മന്ത്രാലയം പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന തരത്തിൽ ശ്മശാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സംവിധാനവും ചർച്ച ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന വിദഗ്ധരുമായി യോഗം നടത്തിയതായി തായിഫ് മേയർ അറിയിച്ചു.
അമുസ്‌ലിംകൾക്കിടയിൽ മരണപ്പെട്ടവരുടെ ശവകുടീരങ്ങൾ ഒരുക്കുന്നതിനും മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ഇലക്‌ട്രോണിക് സേവനങ്ങൾ വഴി തൽക്ഷണം ശവസംസ്‌കാര സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും സൗകര്യങ്ങളൊരുക്കും. ശ്മശാനങ്ങളുടെ മതിൽ ഉയർത്തും. കുഴികൾ ഒരുക്കാനും മൃതദേഹം കഴുകാനും ആവശ്യമായ പുതിയ മുറികളും ഒരുക്കും. ഇതിനു പുറമെ, ശ്മശാന ചടങ്ങുകൾ സുഗമമായി നടത്തുന്നതിന് ദിവസവും ശ്മശാനങ്ങൾ സജ്ജീകരിക്കാൻ മേയറുടെ ഓഫീസ് പ്രവർത്തിക്കും. ശവകുടീരങ്ങൾക്ക് നമ്പറിടും. പിന്നീട് ശ്മശാനങ്ങൾ സന്ദർശിക്കുമ്പോൾ മരിച്ചയാളുടെ ആളുകൾക്ക് അവരുടെ ബന്ധുക്കളുടെ ശവകുടീരങ്ങൾ എവിടെയാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാനുമാകും.